മണിപ്പൂരിലെ ആക്രമത്തിനിരയായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഡെൽഹി ജന്തർ മന്ദിറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മണിപ്പൂരിൽ നടക്കുന്നത് വംശീയ സംഘർഷമല്ല , വർഗീയ കലാപമാണെന്നും മണിപ്പൂരിൽ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കലാപം മൂന്ന് മാസം കഴിഞ്ഞിട്ടും അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ കെഎൽസിഎ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശത്തിൽ പറഞ്ഞു. എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിൽ ഇൻഡ്യൻ ഭരണഘടന തകരരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ് പറഞ്ഞു.