തീര നിയന്ത്രണ വിജ്ഞാപനംകരട് പ്ലാനിൽ തദ്ദേശവാസികളുടെയും തൊഴിലാളികളുടെയും ഭവന നിർമ്മാണ സാധ്യതകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കെഎൽസിഎ. ഏറെ നാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019 ലെ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച കരട് പ്ലാൻ പുറത്തിറക്കിയത് സ്വാഗതർഹമാണെന്നും, അതേസമയം ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ജില്ലകളുടെ മാത്രമായി പുറത്തിറക്കിയ പ്ലാനിൽ തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണം സംബന്ധിച്ച പദ്ധതികൾ ഉൾപ്പെടുത്താത്തത് പ്രശ്നപരിഹാരത്തിനുള്ള അവസരം നഷ്ടപ്പെടുത്തൽ ആണെന്നും കെ എൽ സി എ ഉന്നയിച്ചു.
സംസ്ഥാന ഫിഷറീസ് വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരവും, ഈ റിപ്പോർട്ടിനെ തുടർന്നുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരവും സുരക്ഷാസംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കി തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണം നിയന്ത്രണമേഖലയിലും അനുവദിക്കാവുന്ന തരത്തിൽ പ്ലാൻ ഉണ്ടാകേണ്ടതായിരുന്നു. കരട് പ്ലാനിൽ വന്നാൽ മാത്രമാണ് അന്തിമ പ്ലാനിൽ കേന്ദ്ര വിജ്ഞാപനത്തിൽ ഉൾപ്പെട്ട വരികയുള്ളൂ എന്നും കെ എൽ സി എ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ശേഷിക്കുന്ന തീരെ ജില്ലകളുടെ കരട് പ്ലാനും എത്രയും വേഗം പുറത്തിറക്കണമെന്നും അങ്ങനെ പുറത്തിറക്കുമ്പോൾ ഫിഷറീസ് വകുപ്പിന്റെ ശുപാർശ പ്രകാരവും കോടതി നിർദ്ദേശിച്ച പ്രകാരവും ഉള്ള ഭവന നിർമ്മാണ സാധ്യതകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കെഎൽസിഎ ഭാരവാഹികൾ നിവേദനം നൽകി.
ചില പഞ്ചായത്തുകൾ നഗര സ്വഭാവമുള്ളതാക്കി കാണിച്ചു സിആർഇസഡ് 2 പരിധിയിൽ ഉൾപ്പെടുത്തുന്നു എങ്കിലും വിജ്ഞാപനത്തിൽ പറയുന്നത് പ്രകാരവും കോടതി ഉത്തരവ് പ്രകാരവും ഉള്ള ഭവന നിർമ്മാണ സാധ്യതകൾ പ്ലാനിൽ ഉൾപ്പെട്ട് വന്നാൽ മാത്രമാണ് തദ്ദേശവാസികൾക്ക് പൂർണ്ണമായും ഗുണം ഉണ്ടാവുക. ഓരോ തദ്ദേശഭരണകൂടവും കരട് പ്ലാൻ സംബന്ധിച്ച കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനും അവസരം ഉണ്ടാക്കണം. കരട് പ്ലാൻ പരിശോധിക്കുവാനും അഭിപ്രായങ്ങൾ പറയാനും ജനങ്ങളെ സഹായിക്കാൻ പ്രാദേശികമായി വിവിധ ഇടങ്ങളിൽ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.