കെ.ആർ.എൽ.സി.സി-യുടെ തീരുമാന പ്രകാരം തിരുവനന്തപുരം അതിരൂപതയിൽ നടക്കുന്ന അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ മറ്റു രൂപതകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നതോടെ കേരളമാകമാനം ചർച്ചചെയ്യപ്പെടുകയാണ് തിരുവനന്തപുരം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ. തീരവും പാർപ്പിടവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരായാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ലത്തീൻ രൂപതകളുടെയും വിവിധ അൽമായ സംഘടനകളുടെയും നേതൃത്വത്തിൽ അതാതിടങ്ങളിൽ സൂചനാ സമര ധർണ്ണ നടക്കുകയാണ്.
ഈ മാസം 13-ന് 11 ഫെറോന കേന്ദ്രങ്ങളിലായി നെയ്യാറ്റിൻകര രൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ധർണ്ണകൾ സംഘടിപ്പിച്ചത് വ്യാപകമായ ജനപിന്തുണയ്ക്ക് സഹായകമായിരുന്നു. ഇതേ ദിവസം വൈകുന്നേരം 6:30ന് കണ്ണൂർ കാൾടെക്സ് ഗാന്ധി സർക്കിളിൽ കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല തീപ്പന്തം തെളിയിച്ച് സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു. പതിനാറാം തീയതി ആലപ്പുഴ രൂപത അൽമായ കമ്മീഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇതേ ദിവസം തന്നെ വരാപ്പുഴ അതിരൂപത ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാക്കശേരിയുടെ നേതൃത്വത്തിൽ അഴീക്കോട് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. അവകാശ സമരത്തിന് പിന്തുണയായി കൊല്ലം രൂപതയിലെ ജനങ്ങൾ രൂപത മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരിയുടെ നിർദ്ദേശപ്രകാരം ഭവനങ്ങളിൽ തിരിതെളിച്ചു.
വിവിധ രൂപതകളും രൂപതാധ്യക്ഷൻമാരും മാത്രമല്ല, തീരത്തെയും, ഉൾപ്രദേശങ്ങളിലേയും ധാരാളം ഇടവകകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നത് സമരത്തിന്റെ ഗതി നിർണ്ണയിക്കുമെന്നാണ് കരുതപ്പെടുന്നത്.