ഉപവാസ സമരമായും, പ്രതിഷേധ സമരമായും സെക്രട്ടറിയേറ്റിൽ നിന്നും രണ്ടുമാസം മുമ്പാരംഭിച്ച സമരത്തിന്റെ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും, അണിനിരക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരവീര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ലയെന്ന് പ്രഖ്യാപിച്ച് വിഴിഞ്ഞത്ത് ബഹുജന റാലി. സ്ത്രീകളും കുട്ടികളും വൃദ്ധരും വൈദീകരും സന്യസ്ഥരും പിതാക്കന്മാരും, സാമൂഹിക,മത, രാഷ്ട്രീയ പ്രവർത്തകരുമടങ്ങുന്ന വൻ ജനാവലിയാണ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്നും മുല്ലൂരിലെ സമരപന്തലിലേക്കുള്ള പദയാത്രയിലും തുടർന്നുള്ള സമ്മേളനത്തിലും പങ്കെടുത്തത്.
സെപ്റ്റംബർ പതിനാലാം തീയതി മൂലംമ്പിള്ളിയിൽ നിന്നും കുടിയിറപ്പിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നാലു ദിവസത്തിനുശേഷമാണെത്തിയത്. മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികൾ കൈമാറിയ പതാക വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ യാത്രയ്ക്ക് നേതൃത്വം നൽകുന്ന ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ് എന്നിവർക്ക് നൽകികൊണ്ടായിരുന്നു ജനബോധന യാത്രയ്ക്ക് തുടക്കം കുറിച്ചത്. ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളിൽ തീരശോഷണം രൂക്ഷമാണ്. മൂലമ്പിള്ളിയിൽ നിന്നാരംഭിച്ച് ഫോർട്ട് കൊച്ചി, ചെല്ലാനം, പുന്നപ്ര, ഹരിപ്പാട്, കോവിൽത്തോട്ടം പ്രദേശങ്ങളിൽ നിന്നൊക്കെ സ്വീകരണമേറ്റുവാങ്ങി കൊച്ചി, വരാപ്പുഴ, കൊല്ലം, ആലപ്പുഴ രൂപതകളിലെ തീരദേശങ്ങളിലൂടെ സഞ്ചരിച്ചാണ് വിഴിഞ്ഞത്തെത്തി ചേർന്നത്. നിരവധി വർഷങ്ങളായി സർക്കാരിനെ പ്രശ്നപരിഹാരത്തിനായി നിരന്തരം സമീപിച്ചുവെങ്കിലും സർക്കാർ നിസംഗത പ്രകടിപ്പിക്കുകയായിരുന്നുവെന്നും, മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനായുള്ള ഈ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളും സർക്കാരിന്റെ നിഷേധാത്മക നിലപാടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ജനബോധന യാത്രയുടെ ലക്ഷ്യമെന്നും ജാഥയിലുടനീളം വ്യക്തമാക്കിയിരുന്നു.
നാലു ദിവസങ്ങൾക്കുശേഷം പതിനെട്ടാംതിയ്യതി രാവിലെ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നാണ് അവസാനദിവസത്തെ റാലി ആരംഭിച്ചത് . തുടർന്ന് പെരുമാതുറ ജംഗ്ഷൻ,മരിയനാട്,തുമ്പ, വെട്ടുകാട്,വലിയതുറ,ബീമാപള്ളി, പൂന്തുറ തീരദേശങ്ങളിലൂടെ സ്വീകരണങ്ങളേറ്റുവാങ്ങി, രണ്ടര മണിയോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചേരുകയും മൂന്നുമണിക്ക് ബഹുജന റാലി ആരംഭിക്കുകയും ചെയ്തു. അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.
കേരളത്തിലുടനീളമുള്ള വിശ്വാസ സമൂഹത്തിന്റെ മാത്രമല്ല ബഹുജന സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷമാണ് ബഹുജനറാലി പൊതുസമ്മേളനത്തോടെ അവസാനിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ സമരത്തെ പിന്തുണച്ച് ഉത്ഘാടകനായെത്തിയത് ദേശീയതലത്തിൽ സമരത്തിന്റെ ശ്രദ്ധയാകർഷിക്കാനിടയാക്കി. സമരത്തെ അഭിസംബോധന ചെയ്ത് അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ, പത്തനംതിട്ട അതിരൂപതാ അദ്ധ്യക്ഷൻ ഡോ. സാമൂവൽ ഐറേനിയസ്, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, സമര കൺവീനർ മോൺ. യൂജിൻ എച്ച് പെരേര, ഫാ. മോർലി കൈതപ്പറമ്പിൽ, ഫാ. ലോറൻസ് കുലാസ്, കെ. ആർ. എൽ. സി. സി പ്രസിഡന്റ് ശ്രീ.ജോസഫ് ജൂഡ്, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷെറി തോമസ്, കെ എൽ സി ഡബ്ല്യൂ എ സംസ്ഥാന സെക്രട്ടറി ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെ എൽ സി എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, ശ്രീമതി ഷേർളി തോമസ്, അഡ്വ. തമ്പാൻ തോമസ്, പാച്ചല്ലൂർ മൗലവി അബ്‌ദുൾ സലിം, ശ്രീ. പനിയടിമ, പ്രൊഫ. നിഹാർ, ഗ്രീൻ കേരള ചെയർമാൻ ശ്രീ. ജോൺ പെരുവന്താനം, ശ്രീ. എൻ ആർ ഷാജി, ശ്രീ. സി ആർ നീലകണ്ഠൻ, അഡ്വ. കെ വി ബിജു, ആദിവാസി ദളിത് മുന്നേറ്റ സമിതി അംഗം ശ്രീ. രാമൻ കൊയ്യോൺ, എന്നിവർ സംസാരിച്ചു.
കേരള കത്തോലിക്ക ബിഷപ്സ് കോൺഫറൻസിന്റെയും വിവിധ മത്സ്യത്തൊഴിലാളി, സാമൂഹിക പാരിസ്ഥിതിക സംഘടനകളുടെയും സഹകരണത്തോടെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെയും നേതൃത്വത്തിലാണ് ബഹുജന മാർച്ച് നടന്നത്.