വത്തിക്കാൻ: നാടകീയമായ യുദ്ധ രംഗങ്ങളിലൂടെ കടന്നു പോകുന്ന മധ്യ പൂർവേഷ്യ, ഇറാൻ, പാക്കിസ്‌താൻ, അഫ്ഘാനിസ്ഥാൻ, റഷ്യ-യുക്രൈൻ എന്നീ രാജ്യങ്ങളെപരാമർശിച്ചുകൊണ്ട് സമാധാനത്തിനായി ലിയോ പതിനാലാമൻ പാപ്പാ അഭ്യർത്ഥനകൾ നടത്തി. മാർച്ചുമാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ, നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം നടത്തിയ അഭ്യർത്ഥനകളിലാണ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും ഏവരെയും ആഹ്വാനം ചെയ്തത്.
വിനാശകരമായ ഒരു സാഹചര്യം ഒഴിവാക്കാൻ “ഉത്തരവാദിത്തത്തോടെ” പ്രവർത്തിക്കാൻ ബന്ധപ്പെട്ട കക്ഷികളെ ക്ഷണിച്ചുകൊണ്ട്, സംഭാഷണത്തിനും നയതന്ത്രത്തിനും ഇടം നൽകുന്നതിനായി ആയുധങ്ങൾ, അക്രമം, ഭീഷണികൾ എന്നിവ ഉപേക്ഷിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
“പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നത്, മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണ്”, പാപ്പാ പറഞ്ഞു.
നയതന്ത്രം അതിന്റെ പങ്ക് വീണ്ടെടുക്കുകയും നീതിയിൽ അധിഷ്ഠിതമായി, സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്ന ജനങ്ങളുടെ നന്മ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, ബന്ധപ്പെട്ട കക്ഷികളെ പാപ്പാ ആഹ്വാനം ചെയ്തു.
