ഈ വർഷത്തെ തിരുപ്പിറവിയുടെ കാഴ്ചകൾ പ്രത്യേകമായി സമർപ്പിച്ചിരിക്കുന്നത് വിശുദ്ധ നാടിനോടുള്ള ആദരവായി
വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഡിസംബർ 7ന് പുല്‍ക്കൂടും ട്രീയും അനാവരണം ചെയ്യും. ഡിസംബർ 7 ന് വൈകുന്നേരം 6:30 ന് നടക്കുന്ന പരിപാടിക്ക് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡൻ്റും സെക്രട്ടറി ജനറലുമായ കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയും നേതൃത്വം നൽകും. നൂറുകണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്.
ഇറ്റാലിയൻ നഗരമായ ട്രെൻ്റിനോയിലെ ലെഡ്രോയിൽ നിന്നാണ് വത്തിക്കാൻ ഈ വർഷത്തെ ക്രിസ്തുമസ് ട്രീ കൊണ്ടുവരുന്നത്. 29 മീറ്റർ ഉയരമുള്ള ട്രീയും തിരുപിറവി രംഗമുള്ള പുല്‍കൂടും കർത്താവിൻ്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് 2025 ജനുവരി 12 ഞായറാഴ്ച വരെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റലിയിലെ ഗോറിസിയ പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയായ ഗ്രാഡോയിൽ നിന്നുള്ളവര്‍ ഒരുക്കുന്ന പുല്ക്കൂടാണ് ഈ വർഷം സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാപിക്കുന്നത്. ഈ വർഷത്തെ തിരുപ്പിറവിയുടെ കാഴ്ചകൾ പ്രത്യേകമായി സമർപ്പിച്ചിരിക്കുന്നത് വിശുദ്ധ നാടിനോടുള്ള ആദരവായിട്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.