റോം: കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു. 2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിലായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്.
കുട്ടികളെ വളർത്തിയെടുക്കാൻ അത്യാവശ്യമായ കുടുംബമെന്ന സംവിധാനത്തെ പരിരക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പാ കുടുംബത്തിൽ ഉണ്ടാവുന്ന വാക്കുതർക്കങ്ങളും, ചിലപ്പോഴുണ്ടാകുന്ന വേർപിരിയലുകളുമാകുന്ന കൊടുങ്കാറ്റുകൾക്കുമപ്പുറം നിരാശരാകാതെ ദിവസം അവസാനിക്കും മുമ്പ് സമാധാനം പുന:സ്ഥാപിക്കാൻ പരിശ്രമിക്കാൻ ആവശ്യപ്പെട്ടു. ക്ഷമിക്കൂ (Sorry)എന്നും ദയവായി (Please) നന്ദി ( Thank you) എന്നുമുള്ള വാക്കുകളുടെ ഉപയോഗം ബന്ധങ്ങൾ പ്രായോഗികമാക്കാൻ ഉതകുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ തമ്മിലുള്ള സ്നേഹമാണ് പ്രചോദനം എന്നും, പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ പരസ്പരം മോശം പറയുന്നത് ഒഴിവാക്കണമെന്നും പാപ്പാ ഉപദേശിച്ചു.