വത്തിക്കാൻ സിറ്റി : ആരാധനക്രമ സംഗീതം സഭയുടെ കൂട്ടായ്മ വർദ്ധിപ്പിക്കാനുതകുന്നതും മുന്നോട്ടുള്ള യാത്രയിൽ മുഴുവൻ സഭയ്ക്കും സഹായകരമാകുന്ന വിധമുള്ളതും ആയിരിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പ. ദേവാലയങ്ങളിലെ ഗാനശുശ്രൂഷ സഭാത്മകമായ ഐക്യത്തിന്റെ അടയാളമാണെന്നും വിശ്വാസത്തിൽ ഒരുമിച്ചുനടക്കുന്ന ജനത്തോടൊപ്പം സ്വരൈക്യത്തിൽ നിർവഹിക്കപ്പെടേണ്ട ശുശ്രൂഷയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ക്രിസ്തുരാജന്റെ തിരുനാൾ ദിവസമായ നവംബർ 23-ാം തീയതി ഞായറാഴ്ച, ദേവാലയങ്ങളിലെ ഗായക സംഘാംഗങ്ങളുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. സഭക്കുള്ളിൽ സ്നേഹം, ഐക്യം, സിനഡാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ശുശ്രൂഷയാണ് തങ്ങളുടേതെന്ന് ഗായക സംഘാംഗങ്ങളും സംഗീതജ്ഞരും മനസ്സിലാക്കണമെന്ന് പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു.
ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിൽ നിന്നുള്ള 35,000-ത്തിലധികം സംഗീതജ്ഞരെയും ഗായക സംഘാംഗങ്ങളെയും അഭിസംബോധന ചെയ്ത പാപ്പാ, വിശുദ്ധ സംഗീതം ദൈവസ്നേഹ രഹസ്യത്തിൽ വേരൂന്നിയതാണെന്ന് പറഞ്ഞു. ‘സ്നേഹിക്കുന്നവരാണ് പാട്ടുപാടുന്നത്’ – വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ച് പാപ്പാ പറഞ്ഞു. മുന്നൊരുക്കവും പ്രതിബദ്ധതയും അതിലുപരി ആഴമേറിയ ആധ്യാത്മികതയും ആവശ്യമുള്ള ഒരു ശുശ്രൂഷയാണ് ഗായകസംഘങ്ങൾ നിർവഹിക്കുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തങ്ങളുടെ ആലാപനത്തിലൂടെ അവർ മറ്റുള്ളവരെ പ്രാർത്ഥനയിൽ സഹായിക്കുന്നവരാണ്. ‘നിങ്ങൾ ഒരു വേദിയിലല്ല മറിച്ച് ഒരു കൂട്ടായ്മയുടെ ഭാഗമാണ്. നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് ഐക്യം ഊട്ടിയുറപ്പിക്കാനാണ്, ആർഭാടം കാണിക്കാനല്ല. പ്രകടനം നടത്തുന്നതിലൂടെ വിശ്വാസികളുടെ സമ്പൂർണ ഭാഗഭാഗിത്തമാണ് നിങ്ങൾ തടസ്സപ്പെടുത്തുന്നതെന്ന് ഓർമ്മയിൽ സൂക്ഷിക്കണം’ – ആരാധനാസംഗീതത്തെ ഒരു പ്രകടനമാക്കി മാറ്റുന്നതിനെതിരെ പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി.
