വത്തിക്കാൻ: ജൂൺ 26 മയക്കുമരുന്നു ദുരുപയോഗത്തിനും മയക്കുമരുന്നു കടത്തിനും എതിരായ ലോകദിനമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പ്രഭാഷണം നടത്തി.
മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ കടത്തുകാരാണ്. അക്രമം ഉണ്ടാക്കുകയും കഷ്ടപ്പാടും മരണവും വിതയ്ക്കുകയും ചെയ്യുന്നവരെന്ന് പാപ്പ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളായ ആളുകളുടെ ചികിത്സയും ഈ വിപത്തിന് അറുതിവരുത്തുന്നതിനുള്ള പ്രതിരോധവും സംബന്ധിച്ച ന്യായമായ നിയമനിർമ്മാണങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. അതോടൊപ്പം ഈ വിപത്തിനെക്കുറിച്ച് തന്റെ മുൻ ഗാമികളുടെ വാക്കുകളും പാപ്പ ഓർമിപ്പിച്ചു.
“ഞാൻ മയക്കുമരുന്നുകടത്തുകരോടു പറയുന്നു, നിങ്ങൾ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. അവർ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം അവരോടു ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാൻ പാടില്ല.”
ബെനഡിക്ട് പതിനാറാമൻ പാപ്പ
“മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാർമ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു”.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ