ക്രൈസ്തവപീഡനങ്ങൾ നിരീക്ഷിക്കുന്ന “ഓപ്പൺ ഡോഴ്സ്” പ്രസ്ഥാനം 2026-ലെ “നിരീക്ഷണപ്പട്ടിക” പുറത്തുവിട്ടു. മുൻ വർഷത്തേക്കാൾ എൺപത് ലക്ഷം ക്രൈസ്തവരാണ് 2025-ൽ മതവിശ്വാസമേഖലയുമായി ബന്ധപ്പെട്ട് പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. മുപ്പത്തിയൊൻപത് കോടിയോടടുത്ത് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി.
ലോകത്ത് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ പീഡനമേൽക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ഓപ്പൺ ഡോഴ്സ് (Open Doors) പ്രസ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവിട്ട “2026-ലെ നിരീക്ഷണപ്പട്ടിക” (World Watch List 2026) അനുസരിച്ച് ലോകത്ത് ഏതാണ്ട് മുപ്പത്തിയെട്ട് കോടി എൺപത് ലക്ഷം പേരാണ് ക്രൈസ്തവവിശ്വാസത്തിന്റെ പേരിൽ വിവിധ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായത്. ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ 2025 ഒരു റെക്കോർഡ് വർഷമായിരുന്നുവെന്ന് ഓപ്പൺ ഡോഴ്സ് ഡയറക്ടർ ക്രിസ്റ്റ്യൻ നാനി (Cristian Nani) വിശേഷിപ്പിച്ചു.
കടുത്ത ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങൾ നിലനിന്നിരുന്ന രാജ്യങ്ങളുടെ എണ്ണം ഈ വർഷം പതിമൂന്നിൽ നിന്ന് പതിനഞ്ചായി വർധിച്ചുവെന്ന് ഓപ്പൺ ഡോഴ്സ് അറിയിച്ചു. വടക്കൻ കൊറിയയാണ് ഇതിൽ ഏറ്റവും മുന്നിലുള്ളത്. സോമാലിയ, എരിത്രയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യമൻ, സുഡാൻ, മാലി, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാന്മാർ, സിറിയ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. ക്രൈസ്തവപീഡനത്തിൽ സിറിയ, “ഗുരുതരമായ” നിലയിൽനിന്ന് “തീവ്രമായ” സ്ഥിതിയിലേക്ക് എത്തിയെന്ന് ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയയിൽ നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ ക്രിസ്ത്യാനികൾ മാത്രമാണ് ഉള്ളതെന്നും, ലക്ഷക്കണക്കിനാളുകളാണ് കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് ഇവിടെ കുറഞ്ഞിട്ടുള്ളതെന്നും പ്രസ്ഥാനത്തിന്റെ ഡയറക്ടർ വിശദീകരിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, 2024-ൽ കൊല്ലപ്പെട്ട ക്രൈസ്തവർ 2023-ലേതിനേക്കാൾ കുറവായിരുന്നെങ്കിലും, 2025-ൽ ഈ നമ്പർ വീണ്ടും വർദ്ധിച്ചു. ഇതനുസരിച്ച് 4.849 ക്രൈസ്തവരാണ് 2025-ൽ ലോകത്ത് മതത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇതിൽ 3.490 പേരും, അതായത് എഴുപത് ശതമാനവും നൈജീരിയയിലാണ്. വിശ്വാസത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ക്രൈസ്തവർ 4.712 പേരാണ്.
ദേവാലയങ്ങൾക്കും, ക്രൈസ്തവ ഭവനങ്ങൾക്കും കടകൾക്കും നേരെയുളള ആക്രമണങ്ങൾ കഴിഞ്ഞ വർഷം കുറഞ്ഞിട്ടുണ്ട്. 2024-ൽ 7.679 ദേവാലയങ്ങൾ അക്രമിക്കപ്പെട്ടെങ്കിൽ 2025-ൽ 3.632 ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്രൈസ്തവ ഭവനങ്ങളുടെയും കടകളുടെയും കാര്യത്തിൽ ഇത് 28.368-ൽ നിന്ന് 25.794 ആയി കുറഞ്ഞിട്ടുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിലേതുപോലെ, ദുർബലമായ സർക്കാരുകൾ നിലനിൽക്കുന്ന ഇടങ്ങളിലാണ് കൂടുതൽ ക്രൈസ്തവപീഡനങ്ങൾ അരങ്ങേറുന്നതെന്ന് ഓപ്പൺ ഡോഴ്സ് വിശദീകരിച്ചു.
പീഡനങ്ങളേൽക്കേണ്ടിവന്ന ക്രൈസ്തവരിൽ ഇരുപത് കൊടിയിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും, പതിനൊന്ന് കോടിയോളം പേർ പതിനഞ്ച് വയസ്സിൽ താഴെയുള്ള പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്നും, വത്തിക്കാൻ മീഡിയയ്ക്കനുവദിച്ച ഒരു അഭിമുഖത്തിൽ നാനി വിശദീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതൽ മതപീഡനങ്ങൾ നടക്കുന്നത് ക്രൈസ്തവർക്കെതിരാണെന്ന് വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞർക്ക് ജനുവരി ഒൻപതാം തീയതി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ ലിയോ പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽപ്പോലും വചനപ്രക്ഷോഷണം നടത്തുന്നതിനെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും പാപ്പാ പരാമർശിച്ചിരുന്നു.
