വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം ഇന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി പൊതുദർശനത്തിനുവെച്ചതോടെ വന്‍ ജനപ്രവാഹം. ആയിരകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. പാപ്പയുടെ ഭൗതികശരീരം സൂക്ഷിച്ചിരിന്ന കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം, പ്രാദേശിക സമയം ഇന്നു രാവിലെ 9 മണിക്ക് ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പ്രദിക്ഷണമായി കൊണ്ടുവരികയായിരിന്നു. ഈ സമയത്ത് മാത്രം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇരുപതിനായിരത്തിലധികം വിശ്വാസികൾ തടിച്ചുകൂടിയിരിന്നു.
കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികര്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരമുള്ള പെട്ടി ആദ്യം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും പിന്നീട് ബസിലിക്കയിലേക്കും കൊണ്ടുവന്നത്. വിശ്വാസികളെ അഭിവാദ്യം ചെയ്യുവാന്‍ പോപ്പ്‌മൊബൈലിൽ എത്തിയിരിന്ന പാതയിലൂടെ പാപ്പയുടെ ഭൗതികശരീരം കൊണ്ടുവന്നപ്പോള്‍ പലരുടേയും മുഖം വികാരഭരിതമായിരിന്നു.
വത്തിക്കാന്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും ലക്ഷങ്ങളാണ് ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. മണി മുഴക്കങ്ങളുടെയും ലാറ്റിൻ ഗാനങ്ങളുടെയും ശബ്ദങ്ങൾക്കിടയിലായിരിന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം എത്തിച്ചത്. പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് കാമർലെംഗോ, കർദ്ദിനാൾ കെവിൻ ഫാരെൽ നേതൃത്വം നല്‍കി. ധൂപ സമര്‍പ്പണം, പാപ്പയുടെ മൃതശരീരം സൂക്ഷിച്ചപ്പെട്ടിയിൽ വിശുദ്ധജലം തളിക്കൽ, സുവിശേഷ വായന, മധ്യസ്ഥ പ്രാർത്ഥനകൾ എന്നിവ കര്‍ദ്ദിനാളുമാരുടെയും വൈദിക ശ്രേഷ്ഠരുടെയും മുന്നില്‍വെച്ചു കർദ്ദിനാൾ കെവിൻ ഫാരെൽ നടത്തി. പൊതുദര്‍ശനത്തിന്റെ തത്സമയ സംപ്രേക്ഷണം താഴെകാണുന്ന ലിങ്കിൽ ലഭ്യമാണ്.