വത്തിക്കാൻ സിറ്റി : വത്തിക്കാനിൽ ഈ വർഷം അനാവരണം ചെയ്ത തിരുപ്പിറവി രംഗവും ക്രിസ്തുമസ് ട്രീയും ശ്രദ്ധനേടുന്നു. തടാകത്തിന് നടുവിലെ മുക്കുവരുടെ ചെറുകുടിലിൽ തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയും വള്ളത്തിൽ ഉണ്ണിയേശുവിനെ സന്ദർശിക്കാൻ വരുന്ന പൂജരാക്കൻമാരെയും ചിത്രീകരിച്ച് വ്യത്യസ്തമായ രീതിയിലാണ് തിരുപ്പിറവി രംഗം ദൃശ്യാവിഷ്‌കാരിച്ചിരിക്കുന്നത്.
അഡ്രിയാറ്റിക്ക് കടലിൽ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാക നഗരമായ ഗ്രാഡോ നിവാസികളാണ് പുൽക്കൂട് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
മനുഷ്യന്റെ ദാരിദ്ര്യത്തിൽ പങ്കുചേർന്ന് കൊണ്ടും മനുഷ്യകുലത്തിന്റെ ബലഹീനമായ വിഭവശേഷികളെ തന്റെ കൃപയാൽ വിശുദ്ധീകരിച്ചും ശാക്തീകരിച്ചും ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കാനായി ദൈവം ഭൂമിയിൽ ജനിച്ച ക്രിസ്മസിന്റെ മനോഹരമായ അടയാളമാണിതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. 29 മീറ്റർ ഉയരമുള്ള ചത്വരത്തിലെ ഫിർ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ പറഞ്ഞു.
സഭയിലും ദേവാലയത്തിലും എല്ലാവർക്കും ഇടമുണ്ടെന്നും പാപികളെ തേടി ഈശോ വന്നതിനാൽ പാപികൾക്കാണ് മുൻഗണനയെന്നും പാപ്പ തുടർന്നു. പലസ്തീനിൽ നിന്ന് കലാകാരൻമാർ നിർമിച്ച പുൽക്കൂടുകളും വത്തിക്കാന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു.