പാരീസ്: കഴിഞ്ഞ 5 വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആഗോള പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ വീണ്ടും ലോകത്തിന് തുറന്നു നല്‍കി. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിന്നു ചടങ്ങ്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍വെച്ചായിരുന്നു 5 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിബാധയില്‍ കത്തിയമര്‍ന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്തിക്ക് ശൈലിയിലുള്ള ദേവാലയം ഫ്രഞ്ച് സര്‍ക്കാരിന്റെ നേരിട്ടു നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നത്.
ദേവാലയം തുറക്കുന്നതിന് മുന്‍പായി എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ മുഴങ്ങിയ ഇമ്മാനുവല്‍ മണിനാദം ചടങ്ങിന്റെ മാറ്റുകൂട്ടി. പാരീസിന് ചുറ്റുമുള്ള മറ്റ് ദേവാലയ മണികളും ഇമ്മാനുവല്‍ മണിക്കൊപ്പം മുഴങ്ങിയത് ചടങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമാക്കി മാറ്റി.
കത്തീഡ്രലിനുള്ളിലേക്കുള്ള പ്രവേശനമായിരുന്നു ചടങ്ങിന്റെ പ്രധാനപ്പെട്ട നിമിഷം. കത്തിയമര്‍ന്ന ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള തടികൊണ്ട് കൊത്തിയുണ്ടാക്കിയ വടികൊണ്ട് പാരീസ് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് ദേവാലയത്തിന്റെ കൂറ്റന്‍വാതിലില്‍ മൂന്ന് പ്രാവശ്യം മുട്ടിയ ശേഷമാണ് ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നത്.
ദേവാലയത്തിന്റെ വാതിലില്‍മുട്ടിയപ്പോള്‍ ആലപിച്ച സങ്കീര്‍ത്തനം (സങ്കീര്‍ത്തനം 120-134) ‘ദി സോങ്ങ്സ് ഓഫ് അസന്റ്’ എന്ന ഗാനം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ബാനറുകള്‍ വഹിച്ചുള്ള പ്രദിക്ഷിണം ആയിരുന്നു മറ്റൊരു അവിസ്മരണീയമായ ചടങ്ങ്. പാരീസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള നൂറ്റിപതിമൂന്നോളം ബാനറുകള്‍ പ്രദിക്ഷണത്തില്‍ ഉണ്ടായിരുന്നു. സുപ്രസിദ്ധ ഫ്രഞ്ച് ഡിസൈനര്‍ ജീന്‍ ചാള്‍സ് ഡെ കാസ്റ്റല്‍ബാജാക്ക് രൂപകല്‍പ്പന ചെയ്ത വസ്തങ്ങള്‍ ധരിച്ച വൈദികരും ഡീക്കന്മാരുമായിരുന്നു ഈ ബാനറുകള്‍ പിടിച്ചിരുന്നത്. മാതാവും, വിശുദ്ധരും കത്തോലിക്ക വിശ്വാസത്തിലെ വിവിധ പ്രതീകങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളായിരുന്നു ഓരോ ബാനറിന്റേയും പ്രത്യേകത.
അഗ്നിബാധയുണ്ടായപ്പോള്‍ ദേവാലയത്തേ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയ കഠിനപരിശ്രമത്തെ ആദരിച്ചുകൊണ്ട് നല്‍കിയ വന്‍ ഹര്‍ഷാരവമായിരുന്നു ചടങ്ങിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്ന്. ദേവാലയത്തിലെ അമൂല്യ തിരുശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയത് സ്തുത്യര്‍ഹമായ പോരാട്ടമായിരുന്നു. അവര്‍ പള്ളിഹാളില്‍ പ്രവേശിച്ചപ്പോള്‍ വന്‍ഹര്‍ഷാരവത്തോടെയാണ് ജനക്കൂട്ടം അവരെ എതിരേറ്റത്.
ചടങ്ങിലെ ഏറ്റവും സുപ്രധാന നിമിഷങ്ങളിലൊന്നായിരുന്നു അള്‍ത്താര സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന തിരുക്കര്‍മ്മങ്ങള്‍. തിരുശേഷിപ്പുകളുടെ പ്രതിഷ്ഠയായിരുന്നു ആദ്യം നടന്നത്. പാരീസ് സഭയുമായി ബന്ധപ്പെട്ട അഞ്ചു വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. തൈലം കൊണ്ട് അള്‍ത്താര അഭിഷേകം ചെയ്തതിന് ശേഷമായിരുന്നു സമര്‍പ്പണ പ്രാര്‍ത്ഥന. ശേഷം അള്‍ത്താരയുടെ ദീപാലങ്കാരങ്ങള്‍ തെളിച്ചു.