കൊൽക്കത്ത: ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ സഞ്ജു മുട്ടുകുത്തി കുരിശുവരച്ചത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു. സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ വിജയച്ചിരി ഒപ്പിയെടുക്കാൻ മത്സരിക്കുകയായിരുല്ന്നു ക്യാമറക്കണ്ണുകൾ. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടരക്കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ഇതിന്റെ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലരുടെയും ഇൻസ്റ്റഗ്രാം, വാട്സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു.
ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസൺ മുട്ടുകുത്തി പ്രാർഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. തന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുക്കാൻ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു. മത്സരശേഷം ഡിജിറ്റൽ ബ്രോഡ്കാസ്റ്റർക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു. “വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്.’’– മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലുമായുള്ള അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.
