വിഴിഞ്ഞം: കടലിനും തീരജനതയ്ക്കും വലിയ ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാരിന്റെ ഉദ്ഘാടന പ്രഹസനം. ഒക്ടോബർ 15ന് ആദ്യകപ്പൽ എന്നപേരിൽ വൻ തുക ചിലവഴിച്ച് പ്രചരണവും ഉദ്ഘാടന സമ്മേളനവും നടത്തുന്ന സർക്കാർ നടപടിയിൽ സമൂഹത്തിന്റെ നാനാഭഗത്തുനിന്നും ആക്ഷേപങ്ങൾ ഉയരുന്നു. വെറും 60 ശതമാനം പണി മാത്രം പൂർത്തിയായ ഒരു പദ്ധതിയിൽ നിർമ്മാണത്തിന്റെ ഭാഗമായി ക്രെയിൻ കൊണ്ടുവരുന്നതിനെ ലക്ഷങ്ങൾ ചിലവിട്ട് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ഘാടനം നടത്തുന്നത് സർക്കാരിന്റെ അല്പത്തരമെന്നാണ് ആക്ഷേപം. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരണത്തിൽ ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. പദ്ധതിയുടെ നിർമ്മാണം തന്നെ പകുതിപിന്നിട്ടിട്ടേയുള്ളൂ. ആദ്യഘട്ട പുലിമുട്ടിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ഈയവസരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഈയൊരു പ്രഹസന പരിപാടി നടത്തേണ്ട കാര്യമുണ്ടോയെന്ന് പൊതുസമൂഹം വിലയിരുത്തണം.
തുറമുഖവുമായി ബന്ധപ്പെട്ട് തീരത്തിനും തീരജനതയ്ക്കുമുള്ള ആശങ്ക പരിഹാരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരത്തിൽ നിന്നും പിന്മാറിയത്. വികസനത്തിന് ഇരയാകുന്ന മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രീ. കുടാലെ അദ്ധ്യക്ഷനായ നാലംഗ വിദഗ്ധ സമിതിയെ സർക്കാർ 2022 ഒക്ടോബറിൽ നിയോഗിച്ചു. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പഠന റിപ്പോർട്ടും നാലാം മാസം അന്തിമറിപ്പോർട്ടും സ്വീകരിച്ച് ആവശ്യമായ നടപടികൾ കൈള്ളുമെന്ന് ഉറപ്പ് നൽകിയ സർക്കാർ അതിപ്പോൾ മറന്ന കാഴ്ചയാണ് മത്സ്യത്തൊഴിലാളി സമൂഹം കാണുന്നത്. ഒരു വർഷമായിട്ടും പേരിന് ഒരു സിറ്റിംഗ് മാത്രം നടത്തി. വികസനത്തിന്റെ ഇരകാളാകുന്നവരോട് പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളോട് എല്ലാക്കാലത്തും സർക്കാർ ഇത്തരം കണ്ണിൽ പൊടിയിടുന്ന സമീപനമാണ് കൈകൊണ്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ഉയർത്തിയ ന്യായമായ ആവശ്യങ്ങൾ ഇപ്പോഴും ആവശ്യങ്ങളായി തന്നെ തുടരുന്നു. മുതലപ്പൊഴിയുടെ അപകടാവസ്ഥയ്ക്കും ഇതുവരെ മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
യഥാർത്ഥത്തിൽ സമൂഹത്തോടും അടിസ്ഥാന ജനവിഭാഗത്തോടും കൂറുള്ള സർക്കാർ ചെയ്യേണ്ടിയിരിന്നുത് ആദ്യം അവരുടെ ജീവനും ജീവിതത്തിനും ഭാരമാകുന്ന പ്രശ്നങ്ങളെ പരിഹിരിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നതാണ്. എന്നാൽ മാത്രമേ ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ പൂർത്തികരിക്കാൻ സാധിക്കൂ. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് തുമ്പയിലെ ഐ.എസ്.ആർ.ഒ കേന്ദ്രം. സഭ മുന്നിട്ടറിങ്ങിയാണ് അന്ന് വിക്രം സാരാഭായിയുടെ സ്വപനം യാഥാർത്ഥ്യമാക്കിയത്. അതുപോലെ വികസനത്തിനരയാകുന്നവരെ സംരക്ഷിക്കുന്ന സമീപനം സർക്കരിന്റെ ഭാഗത്തുനിന്നും വരേണ്ടിയിരിക്കുന്നു. ഒരു ജനവിഭാഗത്തെയും സഭയേയും എതിരാക്കിയും വികസന വിരോധികളെന്ന് ചിത്രീകരിച്ചും രാജ്യദ്രോഹികളെന്ന് വിളിച്ചും അവരുയർത്തുന്ന പ്രശ്നങ്ങളെ പഠിക്കാനോ, പരിഹരിക്കാനോ ചെറുവിരലനക്കാതെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നിരത്തിയാൽ ജനപങ്കാളിത്ത വികസനം വിദൂരത്തായിരിക്കും.
ആയതിനാൽ ശരിയായ പുനരധിവാസം നടപ്പിലാക്കിയും പദ്ധതിപ്രകാരമുള്ള അടിസ്ഥാന വികസനങ്ങളും സൗകര്യങ്ങളും ഒരുക്കിയും പദ്ധതിതന്നെ 100 ശതമാനം പൂർത്തിയായശേഷം നടത്തുന്ന ഉദ്ഘാടനമാണ് അർത്ഥപൂർണ്ണമായ ഉദ്ഘാടനം. അല്ലാതെ നടത്തുന്ന എല്ലാം അല്പത്തരവും, പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നാടകങ്ങളും മാത്രമായിരിക്കും. ഇത്തരം നാടകങ്ങൾക്ക് പങ്കുകാരാവാൻ യഥാർത്ഥ മനുഷ്യസ്നേഹികൾക്ക് കഴിയില്ല.