പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹോം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഡിസംബര്‍ 3 ഞായറാഴ്ച അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായത്.
ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരന്‍, സഹവികാരി ഫാ. പ്രമോദ്, അതിരൂപത ബി.സി.സി. എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവർ സഹകാർമ്മികരായിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച അതിരൂപതയിൽ സേവനം ചെയ്യുന്ന 25 കോൺഗ്രിഗേഷനിലെ 25 സന്യസ്തർ എല്ലാ കുടുംബങ്ങളിലും സന്ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമാകുന്ന കണ്ടെത്തലുകൾ ഇടവകസമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വളർച്ചയും തളർച്ചയും വ്യക്തമാക്കും. ഹോം മിഷൻ ടീം നടത്തുന്ന നിരീക്ഷണങ്ങൾ ഇടവക വികാരി, ഫെറോന വികാരി, ഇടവക കൗൺസിൽ, വിവിധ ശുശ്രൂഷകളിലെ ബന്ധപ്പെട്ടവർ എന്നിവരെ ഹോം മിഷൻ നടപടി ക്രമമനുസരിച്ച് അറിയിക്കും. 2024ജനുവരി മാസം 28-ാം തീയതി അതിരൂപതാദ്ധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹോം മിഷന്റെ രണ്ടാം ഘട്ടത്തിന് സമാപനമാകും. തുടർന്ന് ഇടവക കൗൺസിൽ നടത്തുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങൾക്ക് ഇടവക വികാരി നേതൃത്വം നൽകും.
ഹോം മിഷനിൽ രൂപകല്പന ചെയ്തിരിക്കുന്ന മൂന്നാം ഘട്ട തുടർപ്രവർത്തനങ്ങളിൽ ഇടവക നേതൃത്വം എത്രത്തോളം കാര്യക്ഷമാമായി ഇടപെടുകയും നിരീക്ഷണങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവോ അതിനനുസരിച്ച് ഇടവകയ്ക്ക് ശരിയായ വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് ബിസിസി എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ പറഞ്ഞു.