ഇറ്റലിയിൽ നിന്നെത്തിച്ച നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ പുതുക്കുറിച്ചി പള്ളിയിൽ പൊതുദർശനത്തിന് വച്ചു. ജൂലൈ 8- ന് പുതുക്കുറിച്ചി ഇടവകയിലെത്തിച്ച തിരുശേഷിപ്പുകൾ കാണാനും പ്രാർത്ഥിക്കാനുമായി നിരവധിപേരാണ് ദൈവാലയത്തിൽ എത്തിയത്. തിരുശേഷിപ്പുകൾ എത്തിച്ചതിന്റെ ഭാഗമായി ജൂലൈ 9- ന് രാത്രി മുതൽ പിറ്റേ ദിവസം രാവിലെ വരെ നൈറ്റ് വിജിലും നടത്തിയിരുന്നു.
ജൂലൈ 10 തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ പുതുക്കുറിച്ചി ഇടവക സ്ഥാപിതമായി 475 വർഷമായതിന്റെ ഭാഗമായി 475 മണിക്കൂർ ആരാധനയും ഇടവക ചാപ്പലിൽ നടന്നു വരുന്നതായി ഇടവക വികാരി ഫാ. രാജശേഖരൻ അറിയിച്ചു.
HESED മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ദൈവകരുണയുടെ സായാഹ്നം’ എന്ന ശുശ്രൂഷയുടെ ഭാഗമായി പോളണ്ടിലെ ക്രാക്കോയിലെ ദൈവകരുണയുടെ വലിയ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊണ്ടുവന്ന ദൈവകരുണയുടെ അത്ഭുത തീർത്ഥാടക ഛായാചിത്രവും 100 ൽ പരം വിശുദ്ധരുടെ തിരുശേഷിപ്പുകളുമാണ് പരസ്യ വണക്കത്തിനായി ദൈവാലയത്തിൽ സ്ഥാപിച്ചിരിക്കുന്നത്.