തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ ശ്രേഷ്ഠ വൈദികനും നിലവിലെ ചാൻസലറുമായ വെരി. റവ. ഡോ. സി ജോസഫ് തന്റെ പൗരോഹിത്യ സമർപ്പണത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കി. അച്ചന്റെ അരനൂറ്റാണ്ടത്തെ പൗരോഹിത്യ ജിവിതത്തെ അടയാളപ്പെടുത്തുകയെന്നാൽ അത് തിരുവനന്തപുരം അതിരൂപതയുടെ ചരിത്രത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. 1949-ൽ പുല്ലുവിളയിൽ ശ്രീ. ചിന്നയ്യന്റെയും ശ്രീമതി റോസിലി നെറ്റോയുടെയും മകനായി ജനിച്ച ജോസഫച്ചൻ ഇടവക ദൈവാലയത്തിൽ 1973 ഡിസംബർ 22 ന് അഭിവന്ദ്യ പീറ്റർ ബർണാർഡ് പിതാവിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
പെരേര പിതാവുമായി ഉണ്ടായിരുന്ന ആത്മബന്ധം തന്റെ പൗരോഹിത്യ ജീവിതത്തിൽ വലിയസ്വാധീനം ചെലുത്തിയുട്ടുണ്ടെന്നും, ആത്മീയ തീഷ്ണതയും, ആത്മവിശ്വാസവും, നേതൃപാടവുമൊക്കെ പിതാവിൽ നിന്നും ലഭിച്ചതാണെന്നും ജോസഫ് അച്ചൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം അതിരൂപത രൂപംകൊണ്ടതിനു ശേഷം രൂപതയെ നയിച്ചിട്ടുള്ള പിതാക്കന്മാരിൽ വിൻസന്റ് ഡെരേര പിതാവൊഴിച്ചുള്ള എല്ലാ പിതാക്കന്മാർക്കുമൊപ്പം വിവിധ ചുമതലകൾ വഹിച്ചിരുന്ന വന്ദ്യ വൈദികനാണ് സി. ജോസഫ് അച്ചൻ. അതിരൂപതയുടെ വളർച്ചയുടെ വിവിധ തലങ്ങളിൽ ശക്തി തേജസ്സായി ഒപ്പമുണ്ടായിരുന്ന ശ്രേഷ്ഠ പുരോഹിതൻ !
ദില്ലിയിൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി പ്രവർത്തിച്ചിരുന്നതിനെ ‘വലിയ സംതൃപ്തിയുടെ ആറു വർഷക്കാലം ‘എന്നാണ് അച്ചൻ വിശേഷിപ്പിക്കുന്നത്. അക്കാലയളവിൽ ഭാരതസഭയിലെ എല്ലാ മെത്രാന്മാരുമായും, ക്രൈസ്തവ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായും, കേന്ദ്രമന്ത്രിമാരുമായും വ്യക്തിപരാമയ അടുപ്പം നേടിയെടുക്കാൻ അച്ചനു കഴിഞ്ഞു. ഒപ്പം കേരളത്തിന്റെ തലസ്ഥാന ജില്ലയിലെ അതിരൂപതയെന്ന നിലയിൽ ഈ 50 വർഷ കാലയളവിൽ സംസ്ഥാനത്തിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, ആത്മീയ മേഖലകളിലെ പ്രഗത്ഭരുമായുള്ള വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും ജോസഫച്ചന് സാധിച്ചു.
അതിരൂപതയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സദാ കർമനിരതനായ ജോസഫച്ചൻ… ഈ പ്രപഞ്ചം ദൈവം മനുഷ്യന് വേണ്ടി മാത്രമല്ല സൃഷ്ടിച്ചതെന്നും, സൃഷ്ടി കർമ്മത്തിൽ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും അവസാനമാണെന്നും തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ചരാചരങ്ങളെയും പരിസ്ഥിതിയെയും കരുതലോടെ സ്നേഹിക്കുന്ന ജോസഫച്ചൻ…പൗരോഹിത്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ആയുരാരോഗ്യ സൗഖ്യം നേരുകയും പ്രാർഥനാശംസകൾ അർപ്പിക്കുകയും ചെയ്യുന്നു. പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിന്റെ കൃതജ്ഞത ദിവ്യബലി ജനുവരി 15 തിങ്കൾ രാവിലെ 11 മണിക്ക് പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും.