പേട്ട: പേട്ട ഫൊറോനയിൽ വിവിധ പരിപാടികാളോടെ ജൂബിലി ആഘോഷത്തിന് സമാപനമായി. മതബോധന വിദ്യാർത്ഥികൾ, ലിറ്റിൽ വേ, സ്റ്റുഡന്റസ് ഫോറം, കെ.സി.എസ്.എൽ, കുട്ടികളുടെ പാർലമെന്റ്, അൾത്താരബാലകർ എന്നീ വിഭാഗത്തിലുള്ള കുട്ടികളുടെ സംഗമം പേട്ട വിശുദ്ധ അന്നയുടെ ദൈവാലയത്തിൽവച്ച് നടന്നു. ഫൊറോന വികാരി റോഡ്രിഗ്സ് കുട്ടിയച്ഛന്റെ മുഖ്യകാർമികത്വത്തിൽ സമൂഹദിവ്യബലിയർപ്പിച്ചു. ഫൊറോനയിലെ വൈദീക സന്യസ്ത സംഗമം മുട്ടട ഹോളി ക്രോസ് വൈദീക മന്ദിരത്തിൽവച്ച് നടന്നു. ഫെറോന ജൂബിലി കോർഡിനേറ്ററായ തെയോടെഷ്യസച്ഛൻ ജൂബിലിയെക്കുറിച്ചുള്ള ഭാവികഴ്ചപ്പാടുകളെ വിവരിച്ച് ചർച്ചയ്ക്ക് നേതൃത്വം നൽകി.
‘വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് കൂട്ടായ്മയിലൂടെ, പ്രേഷിതത്വത്തിലൂടെ പങ്കാളിത്തത്തിലൂടെ പ്രത്യാശയുടെ തീർത്ഥാടകരാകാം’ എന്ന വിഷയത്തെ ആസ്പദമാക്കി ജൂബിലി സമാപന മഹാസംഗമവും പ്രതിനിധി സമ്മേളനവും മൺവിള ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗിൽവച്ച് നടന്നു. ‘ശുശ്രൂഷകളിലൂടെ ശക്തമാകുന്ന ഇടവകകളും ഇടവകകളിലൂടെ പ്രവർത്തനക്ഷമമാമാകുന്ന ശുശ്രൂഷകളും’ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഫെറോനയിലെ ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുത്ത സമ്മേളനം ബിഷപ് ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജൂബിലി സമാപന റാലി ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ നിന്നാരംഭിച്ച് മൺവിള ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ അവസാനിച്ചു. ഫെറോനാ വികാരി റോഡ്രിഗ്സ് കുട്ടിയച്ഛന്റെ മുഖ്യകാർമികത്വത്തിൽ ഫെറോനായിലെ മറ്റു വൈദികരുടെ സാന്നിധ്യത്തിൽ നടത്തിയ കൃതജ്ഞത ബലിയിൽ സിബിനച്ചൻ വചനപ്രഘോഷണം നടത്തി.

