വത്തിക്കാൻ: ഈ നോമ്പുകാലത്ത് പ്രാർത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്‌ക്കും നമ്മുടെ ജീവിതത്തിൽ ഇടംകൊടുക്കണമെന്ന് ഫ്രൻസിസ് പാപ്പ. വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്കയിൽ, ഫെബ്രുവരി 14 ബുധനാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധബലിമദ്ധ്യേ പ്രസംഗിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.
ജീവിതമെന്നാൽ നാട്യമല്ലെന്നും, അഭിനയത്തിന്റെ നടനവേദികളിൽനിന്നും താഴേക്കിറങ്ങി മനസ്സിന്റെ ഉള്ളിലേക്ക് തിരികെപ്പോകാനും, നാമാകുന്ന സത്യത്തെ തിരിച്ചറിയാനുമുള്ള സമയമാണിത്. നോമ്പുകാല ആരംഭത്തിൽ ശിരസ്സിൽ അണിയുന്ന ചാരവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്ന പൊടിയാണെന്നും, ഈ സ്നേഹം തിരിച്ചറിയുന്നത് വഴി, നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളെ സ്നേഹിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം നാം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സെൻ്റ് അൻസലേം ബെനഡിക്‌ടൈൻ ആശ്രമത്തില്‍ നിന്ന് കർദ്ദിനാളുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലി പ്രദിക്ഷണമായാണ് വിഭൂതി തിരുക്കര്‍മ്മം ആരംഭിച്ചത്. വീൽചെയർ ഉപയോഗിക്കുന്ന മാർപാപ്പ, നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഇത്തവണത്തെ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരിന്നില്ല.