അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സെപ്റ്റംബർ 5 ഞായറാഴ്ച ഹംഗേറിയൻ തലസ്‌ഥാനമായ ബുഡാപെസ്റ്റിൽ ആരംഭം കുറിക്കും. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യം ആഘോഷിക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും കത്തോലിക്കർ പങ്കെടുക്കുന്നു.
1881ൽ ഫ്രാൻസിൽ തുടക്കം കുറിച്ച ആഘോഷം കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളമായി കത്തോലിക്കാ സഭാ വിശ്വാസികളുടെയും വിശ്വാസ സത്യങ്ങളുടെയും പ്രഖ്യാപനങ്ങളുടെ സ്മരണ പുതുക്കുന്ന ഒരു രാജ്യാന്തര കൂടിവരവ് എന്ന നിലയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സമ്മേളനത്തിന്റെ പ്രധാന പരിപാടികൾ :
സെപ്റ്റംബർ 5 ഞായർ പ്രാദേശിക സമയം 3 മണിക്ക് ബുഡാപെസ്റ്റിലെ ചരിത്രപ്രസിദ്ധമായ ഹീറോസ് സ്‌ക്വയറിൽ പ്രാരംഭ ദിവ്യബലിയോടെ കോൺഗ്രസിന് തുടക്കമാകും. ഇറ്റാലിയൻ കർദിനാൾ ആഞ്ചലോ ബാഗ്‌നസ്‌കോ മുഖ്യകാർമികത്വം വഹിക്കും. ഹംഗറിയിലെ വിവിധ കത്തോലിക്കാ സ്‌കൂളുകളിലെ വിദ്യാർഥികൾ ദിവ്യബലിയിൽ സംബന്ധിക്കും. ഇവരിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അർഥികളും ഉണ്ട്. ആയിരം പേർ അടങ്ങുന്ന ഗായകസംഘം ദിവ്യബലിക്ക് സ്വർഗീയാനുഭവം സമ്മാനിക്കും.
ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ – പ്രദർശനം
ഹംഗേറിയൻ നാഷണൽ മ്യൂസിയവും പീഡനങ്ങളേൽക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന ഹംഗറി ഹെൽപ്സ് എന്ന മനുഷ്യാവകാശ സംഘടനയും സംയുക്തമായി ലോകമെമ്പാടും പീഡനങ്ങൾ അനുഭവിക്കുന്ന ക്രിസ്ത്യൻ സമൂഹങ്ങളെ സംബന്ധിച്ചുള്ള പ്രദർശനം ദിവ്യകാരുണ്യ കോൺഗ്രസിന് അനുബന്ധമായി സംഘടിപ്പിക്കുന്നു.
അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നും കർദിനാൾമാർ
പ്രധാന വേദിയായ ഹംഗെക്സ്പൊ എക്സിബിഷൻ സെന്ററിൽ ഒരാഴ്ച നീളുന്ന വിവിധ പരിപാടികളിലും ചർച്ചകളിലും ഇരുപതിലേറെ മെത്രാന്മാരും കർദിനാൾമാരും പങ്കെടുക്കും. സെപ് 6 – കർദിനാൾ ജൊവാവോ ടെംപെസ്റ്റ (ബ്രസീൽ), സെപ് 7 – കർദിനാൾ ജെറാൾഡ് ലാക്രോയിക്സ് (കാനഡ), കർദിനാൾ ലൂയിസ് റാഫേൽ സാക്കോ (ഇറാഖ്), സെപ് 8 – കർദിനാൾ ചാൾസ് ബോ (മ്യാന്മാർ), കർദിനാൾ ജോൺ യോനായിയേകൻ (നൈജീരിയ), സെപ് 10 – കർദിനാൾ ഡൊമനിക് ഡ്യൂക (ചെക് റിപ്പബ്ലിക്) എന്നിവരാണ് പ്രധാന പ്രഭാഷകർ.
സെപ്റ്റംബർ എട്ടിന് കർദിനാൾ റോബർട്ട് സാറയും സെപ്റ്റംബർ പത്തിന് കർദിനാൾ ജോൺ ക്ലോഡ് ഹോളെറിക്കും ഗ്യാസ്ടാഗ്രെയിലെ പരിശുദ്ധ മാലാഖമാരുടെ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും.
ഡിട്രോയിറ്റിലെ (അമേരിക്ക) സേക്രഡ് ഹാർട്ട് മേജർ സെമിനാരിയിൽ തിരുവെഴുത്തുകളുടെ പ്രൊഫസറായ മേരി ഹീലി, 55 രാജ്യങ്ങളിൽ ഇവാഞ്ചലിക്കൽ മിഷനറിയായി സേവനം ചെയ്ത ശേഷം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അമേരിക്കൻ വനിതാ ബാർബറ ഹെയ്ൽ എന്നിവരും പ്രഭാഷകരായി കോൺഗ്രസിൽ പങ്കെടുക്കുന്നു. എട്ട് മക്കളുടെ അമ്മ കൂടിയാണ് ബാർബറ.
റൊമാനി ഭാഷയിൽ പുതിയ ദിവ്യബലി ക്രമീകരണം
പതിവ് ആരാധനാക്രമത്തിലെ പ്രാർഥനകൾക്ക് പുറമെ ഹംഗറിയിലെ റൊമാനി ജനതയുടെ ലൊവാരി എന്ന ഭാഷയിൽ ദിവ്യബലി അർപ്പണം ഉണ്ടായിരിക്കും എന്നതാണ് ഇത്തവണത്തെ കോൺഗ്രസിന്റെ മറ്റൊരു സവിശേഷത. ലെ ഡെവലെസ്‌കെ എന്നറിയപ്പെടുന്ന ക്രമീകരണത്തിലെ ദിവ്യബലി സെപ്റ്റംബർ ഒൻപതിന് പ്രധാന വേദിയിൽ അർപ്പിക്കപ്പെടും.
മെഴുകുതിരി പ്രദക്ഷിണം
സെപ്റ്റംബർ പതിനൊന്ന് ശനിയാഴ്ച കർദിനാൾ പീറ്റർ എർദോ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കോസ്സുത്ത് ചത്വരത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് ഹീറോസ് സ്‌ക്വയറിലേക്ക് മെഴുതിരികളേന്തി പ്രദക്ഷിണവും നടത്തും. മഹാമാരിയിൽ ഉഴലുന്ന ലോകത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ദിവ്യകാരുണ്യ കോൺഗ്രസ് പ്രത്യാശയുടെ സൂചനയായിരിക്കുമെന്നു കർദിനാൾ സൂചിപ്പിച്ചിരുന്നു.
സമാപനത്തിന് ഫ്രാൻസിസ് പാപ്പ
സെപ്റ്റംബർ 12 ഞായർ പ്രാദേശിക സമയം 11.30ന് ഹീറോസ് സ്‌ക്വയറിൽ ഫ്രാൻസിസ് പാപ്പയുടെ കാർമികത്വത്തിൽ ദിവ്യബലിയോടെ കോൺഗ്രസ് സമാപിക്കും. രണ്ടായിരാമാണ്ടിനു ശേഷം ആദ്യമായാണ് ഒരു പാപ്പ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമാകുന്നത്.
2020ൽ നടക്കേണ്ടിയിരുന്ന കോൺഗ്രസ് കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്. ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കോവിഡിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട്. ഫിലിപ്പൈൻസിൽ നിന്ന് അഞ്ഞൂറോളം കത്തോലിക്കരെ പങ്കെടുപ്പിക്കാൻ അവിടത്തെ മെത്രാന്മാർ തീരുമാനിച്ചിരുന്നു എങ്കിലും പ്രതികൂല സാഹചര്യത്തിൽ സമാനമായ രീതിയിൽ ഓൺലൈൻ ആയി ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫിലിപ്പൈൻസിൽ നിന്ന് ആർച്ച്ബിഷപ് ജോസ് പാൽമ കോൺഗ്രസിൽ തന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. അദ്ദേഹം പങ്കെടുക്കുകയാണെങ്കിൽ ഏറ്റവും അകലെ നിന്ന് കോൺഗ്രസിൽ പങ്കെടുക്കുന്ന വ്യക്തി അദ്ദേഹമായിരിക്കും.
ഹംഗറിയുടെ 9.8 മില്യൺ ജനസംഖ്യയിൽ 62 ശതമാനത്തോളം കത്തോലിക്കരാണ്. ഓസ്ട്രിയ, സെർബിയ, ക്രോയേഷ്യ, സ്ലോവേനിയ, റൊമാനിയ, ഉക്രൈൻ, സ്ലോവാക്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഹംഗറിയിൽ 1938ലാണ് ഇതിനു മുൻപ് ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നത്.