ഒരിക്കൽ പോലും വിഴിഞ്ഞം തുറമുഖത്തിനനുകൂലമായ നിലപാട് അതിരൂപതാധികാരികൾ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ആർച്ച് ബിഷപ്പ് എമെരിറ്റസ് സൂസപാക്യം പിതാവ്. സമരഭൂമിയിൽ റിലേ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003-2004 വരെയുളള കാലഘട്ടത്തിൽ മുഖഛായതന്നെ മാറ്റുന്ന സ്വപ്ന പദ്ധതി എന്നരീതിയിൽ അവ്യക്തതകളോടെ പോർട്ട് നിർമ്മാണ ചർച്ചകൾ പുരോഗമിച്ചപ്പോൾ നമ്മുടെ ഇടയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാൽ 2014-ിൽ വ്യക്തമായ രൂപരേഖ വിദഗ്ധരെകൊണ്ട് പരിശേധിച്ചപ്പോൾ വാണിജ്യ തുറമുഖത്തിന്റെ നിർമ്മാണം മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നതായിരുന്നു മറുപടി. അതോടെ അതിരൂപത കൊടുത്ത മറുപടിയിലും റിപ്പോർട്ടിലും തുറമുഖം മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും എന്ന ശക്തമായ നിലപാടെടുത്തു. ഒരു ഘട്ടത്തിലും വാണിജ്യത്തുറമുഖത്തിനനുകൂലമായി റിപ്പോർട്ട് കൊടുക്കുകയോ അതിനെപ്രോത്സാഹിപ്പിക്കുകയെ ചെയ്തിട്ടില്ല എന്നതാണ് സത്യം. കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രവും, കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നൽകിയ റിപ്പോർട്ടുകളും തുറമുഖത്തിനെതിരായി കൊടുത്ത റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതായിരുന്നു.
അക്കാലത്ത് തന്നെ വികസന വിരോധികളായി ഞങ്ങളെ കാണുകയും അതിരൂപതാ പ്രതിനിധികളെ യോഗങ്ങളിൽ കൂക്കു വിളിക്കുകപോലും ചെയ്തിരുന്നു. ഏഴു വർഷങ്ങൾക്കു ശേഷം അന്നെന്തൊക്കെയാണോ നമ്മുടെ കണ്ടെത്തലുകളുലൂടെ ഭയപ്പെട്ടിരുന്നത് അതൊക്കെതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വൻപുലിമുട്ടും മണൽ വാരലും കാരണം വടക്കോട്ട് കര കടലിലമരുന്നു, ഹാർബറിനുള്ളിൽ പോലും തിരയടി കാരണം ആളുകൾ മരണപ്പെടുന്നു. തെക്കൻ തീരത്ത് മത്സ്യബന്ധന നിരോധന മേഖല പ്രഖ്യാപിക്കപ്പെടാൻ പോകുന്നു.
അതിനാൽ എന്തു ത്യാഗം സഹിച്ചും നിലനിൽപ്പിനു വേണ്ടിയുള്ള ധർമ്മസമരം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുടെ ജന്മാവകാശത്തെ ഇല്ലാതാക്കുന്ന ഈ സമരം മുന്നോട്ട് തന്നെയെന്നും പിതാവ് പറഞ്ഞു.
വിഴിഞ്ഞം തീരത്തെക്കുറിച്ചോ, തീരവാസികളുടെ ഈ മേഖലയുമായുള്ള ബന്ധത്തെക്കുറിച്ചോ അറിയില്ലാത്തവർക്കുമാത്രമേ വിഴിഞ്ഞത്തിന് പുറത്തുള്ളവരാണ് ഈ സമരത്തിനെത്തിയതെന്ന് പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തീരത്തിന്റെ ആവാസവ്യവസ്ഥയുടെ സംരക്ഷണവും വളർച്ചയും തീരദേശവാസികളുടെ ചുമതലയും ഉത്തരവാദിത്വവുമാണ് ഞങ്ങൾ കരുതുന്നത്. അതുകൊണ്ടുതന്നെ സമരത്തിൽ നിന്നും പിന്നോട്ടില്ല.