കൊളംബോ: 2019-ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് ശ്രീലങ്കന്‍ കത്തോലിക്കാ സഭ. ഭീകരാക്രമണത്തിന്‍റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടപടികള്‍ ആരംഭിക്കുന്നതെന്നു കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചു.
സ്ഫോടനത്തിന്‍റെ ഇരകള്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ ത്യജിക്കുകയായിരുന്നുവെന്നും കര്‍ദിനാള്‍ രഞ്ജിത്ത് ചൂണ്ടിക്കാട്ടി. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ മൂന്നു ഹോട്ട – ലുകളിലും തിരുക്കര്‍മങ്ങള്‍ നടക്കുകയായിരുന്ന മൂന്നു ദൈവാലയങ്ങളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാത്ത് എന്ന ഭീകരസംഘടനയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യ മുന്നറിയിപ്പു നല്കിയിട്ടും ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപണം ഉണ്ട്.

