അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ് പാപ്പാ. മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമ പ്രവര്‍ത്തനങ്ങളുടെ ഇരകളെ അനുസ്മരിക്കുന്ന യുഎന്‍ അന്താരാഷ്ട്ര ദിനത്തില്‍ ട്വിറ്ററിലൂടെയാണ് പാപ്പ തന്‍റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചത്.
“വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് നിറുത്തുവാനും, കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള എന്റെ അഭ്യർത്ഥന പുതുക്കുന്നു” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
അതേസമയം ഓരോ ദിവസം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രെെസ്തവ മതപീഡനം സംബന്ധിച്ച് ലഭിക്കുന്ന റിപോര്‍ട്ടുകള്‍ ഞെട്ടിക്കുന്നവ ആണെന്ന് എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്‍റെ മാനേജിങ് ഡയറക്ടര്‍ ഫ്ലോറിയന്‍ റിപ്ക വ്യക്തമാക്കി. ലോകത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പല ആവര്‍ത്തി അഭ്യര്‍ത്ഥിച്ച പാപ്പ വീണ്ടും ആ അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അക്രമവും വിദ്വേഷവും അഴിച്ചുവിടുന്നതിന് ന്യായീകരണമായി ദൈവത്തിന്‍റെ പേര് പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പാപ്പ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ നടത്തുന്ന വിദ്വേഷ പ്രചാരണം, അക്രമം, തീവ്ര നിലപാടുകള്‍, മതഭ്രാന്ത്, കൊലപാതങ്ങള്‍, നാടുകടത്തല്‍, തീവ്രവാദം, അടിച്ചമര്‍ത്തല്‍ തുടങ്ങിയവ അവസാനിപ്പിക്കണമെന്ന് പാപ്പ വ്യക്തമായി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.