തിരുവനന്തപുരം: കേരളത്തെ മദ്യാലയമാക്കരുതെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 929 എണ്ണവും പട്ടണമേഖലയിലാണെന്നാണ് സർക്കാർ കണക്കുകൾ. പട്ടണ പ്രദേശങ്ങളിലാണ് പഞ്ചായത്തുകൾ സ്ഥിതി ചെയ്യുന്നതെങ്കിൽ അവിടങ്ങളിൽ മദ്യശാലകൾ ആരംഭിക്കാൻ അനുമതി നല്കാമെന്ന ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ഈ കണക്ക് പ്രകാരം ഗ്രാമീണമേഖല തന്നെ കേരളത്തിൽ ഇല്ലെന്നു തോന്നിപ്പോകും.
ആർക്കുവേണ്ടിയാണ് ഇത്തരത്തിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത്. ഇന്ന് സ്ത്രീകൾ പോലും മദ്യത്തിന് അടിമയാകുന്ന സ്ഥിതിയാണ്. മദ്യപാനം മൂലം രോഗികളാകുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു. ഇതിനു മാറ്റം വരണം. മദ്യ ഉപയോഗം കുറയ്ക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാർ കൈ ക്കൊള്ളണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. പാളയം ഇമാം സുഖയ് മൗലവി, സ്വാമി അശ്വ തി തിരുനാൾ, ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, അഡ്വ. ഹരീന്ദ്രനാഥ്. വൈ. രാ ജു, തോമസ് ചെറിയാൻ, മുരളീദാസ്, എഫ്.എം. ലാസർ തുടങ്ങിയവർ പങ്കെടുത്തു.