വത്തിക്കാന്‍ സിറ്റി: കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ്. “ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള കുറിപ്പ് ശനിയാഴ്ചയാണ് (03/02/24) വിശ്വാസ തിരുസംഘം പുറപ്പെടുവിച്ചത്. സഭയുടെ ആരാധനാക്രമ ജീവിതത്തിൻ്റെ സൂക്ഷിപ്പുകാരും പരിപോഷകരും എന്ന നിലയിലുള്ള ബിഷപ്പുമാരെ അവരുടെ ചുമതലകളിൽ സഹായിക്കാനാണ് പുതിയ കുറിപ്പ്.
തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും സെക്രട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തേയൊയും ഒപ്പുവെച്ച കുറിപ്പിന് ഫ്രാൻസിസ് പാപ്പ ജനുവരി 31-ന് അംഗീകാരം നല്‍കിയിരിന്നു. കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട വാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും കാര്‍മ്മികന് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.