Report by Aleena ( St. Xavier’s College Journalism student)
ന്യൂഡൽഹി: ഡൽഹിയിലെ അന്ധേരി മോഡിലെ ലിറ്റിൽ ഫ്ലളവർ സീറോ മലബാർ പള്ളി പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് പള്ളി സന്ദർശിച്ച എ.എ.പി. എംഎൽഎ മാരായ സോമനാഥ് ഭാരതിയും നരേഷ് യാദവും ഉറപ്പുനൽകി. മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് ഇടവക വികാരി ഫാദർ ജോസ് കന്നുംകുഴി ഇടവക പ്രതിനിധികൾ തുടങ്ങിയവരുമായുള്ള ചർച്ചക്കിടയിലാണ് വ്യക്തമാക്കിയത്.
സ്ഥലം എംഎൽഎയായ കർത്താർ സിംഗ് നേരത്തെ ഇവിടം സന്ദർശിക്കുകയും പള്ളി അധികൃതരുമായും ചർച്ചകൾ നടത്തിയിരുന്നതായും നേതാക്കൾ പറഞ്ഞു. പള്ളി പുനർ നിർമ്മിക്കുന്നതിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം പൂർണമായി മാനിക്കും. ഇതിൽ ഒരു രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. പള്ളി പൊളിക്കലിനായി നൽകിയ നോട്ടീസിൽ ഗുരുതര പിഴവുകളുണ്ട്. ഇതിൽ ഉദ്ധരിക്കുന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ പോലും പറഞ്ഞിരിക്കുന്നത് മറ്റൊരു സമുദായത്തിൻറെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനെ പറ്റിയാണ്. നിയമപരമായി പള്ളി പുനർനിർമ്മിക്കുക എന്നത് അത്യന്താപേക്ഷിതമാണ് മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഇത്തരം കടന്നു കയറ്റങ്ങൾ ഇനിമേൽ സമൂഹത്തിൽ ആവർത്തിക്കാതിരിക്കട്ടെയെന്നും അവർ ചൂണ്ടിക്കാട്ടി.