ആലുവ: കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വിവേകത്തോടെയും അന്തസ്സോടെയും പൊതുവേദികളില്‍ സംസാരിക്കണമെന്ന് കെആര്‍എല്‍സിസി. രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഒരു കൂടികാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന അഭിപ്രായപ്രകടനം തീര്‍ത്തും വില കുറഞ്ഞതും വിവേകരഹിതവുമാണ്. മുഖ്യമന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും രോമാഞ്ചമുണ്ടായിട്ടല്ല മെത്രാന്മാര്‍ ആ ക്ഷണം സ്വീകരിച്ചതെന്നും അതൊക്കെ ഒരു ജനാധിപത്യമര്യാദയുടെ ഭാഗമാണെന്നും കെആര്‍എല്‍സിസി വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവങ്ങളുള്ള ഭാരതത്തിലെ ക്രൈസ്തവരുടെ പ്രതിഷേധവും അമര്‍ഷവും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മെത്രാന്മാര്‍ മണിപ്പൂര്‍ മറന്നു എന്ന പരമാര്‍ശവും മര്യാദകെട്ടതാണ്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിരുന്നുകളിലെ പങ്കാളിത്തം രാഷ്ട്രീയത്തിനതീതമാണ്. ഈ പങ്കാളിത്തം ഏതെങ്കിലും രാഷ്ട്രീയത്തെ പിന്തുണക്കുന്നതായി കരുതേണ്ടതില്ലെന്നും കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു.