മനുഷ്യാവകാശങ്ങൾക്കായി ഫാ. സ്റ്റാൻ സ്വാമി പോരാട്ടം നടത്തിയ റാഞ്ചിയിൽ നിന്നും കാരുണ്യത്തിന്റെ പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനസമൂഹങ്ങളുടെ നാടായ ജാർഖണ്ഡിൽ കോവിഡ് കാലത്ത് റാഞ്ചി അതിരൂപത നൽകിവരുന്ന സേവനങ്ങൾ വിവിധ വിഭാഗങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു.
റാഞ്ചി അതിരൂപതയിലെ പിതാക്കന്മാരായ ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ എസ്ജെ, ബിഷപ്പ് തിയോഡോർ മസ്കരാനസ് SFX എന്നിവർക്കൊപ്പം അതിരൂപത വൈദികരും സെമിനാരി വിദ്യാർഥികളും, യുവാക്കളും റാഞ്ചി റെയിൽവേ സ്റ്റേഷനിലെ നൂറോളം വരുന്ന കൂലിത്തൊഴിലാളികൾക്ക് ഭവനറേഷൻ വിതരണം ചെയ്തു.
ഞങ്ങൾ വിതരണം ചെയുന്നത് സർക്കാർ റേഷൻ അല്ല എന്നും കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിൽ നിന്നും അഭ്യുദയാകാംക്ഷികളിൽ നിന്നും ഉള്ള ഉദാരമായ സഹായത്തിന്റെ ഫലമാണെന്നും റാഞ്ചി കത്തോലിക്കാ യൂത്ത് പ്രസിഡന്റ് കുൽദീപ് ടിർകി പറഞ്ഞു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് (SCN) സന്യാസിനി സമൂഹത്തിന്റെ റാഞ്ചിയിലെ നസ്രത്ത് കോൺവെന്റിലാണ് വിതരണം നടന്നത്.
റെയിൽവേ സ്റ്റേഷനുകൾ പൂർണ്ണമായും പ്രവർത്തിക്കാതെ വരികയും പരിമിതമായ ശേഷിയിൽ ട്രെയിനുകൾ ഓടുകയും ചെയ്യുന്ന അവസ്‌ഥയിൽ തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങളുടെ നിലനില്പിനായി ജോലിയും ഭക്ഷണവും കണ്ടെത്തുന്നതിന് ഈ കാലഘട്ടത്തിൽ എത്രത്തോളം ബുദ്ധിമുട്ടേണ്ടി വന്നു എന്ന വസ്തുത സഭ പരിഗണിച്ചതിന്റെ ഫലമാണ് ഈ ഉദ്യമം എന്ന് ബിഷപ് തിയഡോർ അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭ മാനുഷിക പരിഗണനയും സ്നേഹവും ആഗ്രഹിക്കുന്നവരെ കുറിച്ച് ചിന്തിക്കുന്നു. സ്റ്റേഷനിൽ ജോലിചെയ്യുന്നവർ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെയും കണ്ടറിഞ്ഞതാണ്. വിശപ്പിന്റെ കാഠിന്യം അവർ അനുഭവിക്കാതിരിക്കട്ടെ. ചിന്തിക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് അരി, പയർ (പയർവർഗ്ഗങ്ങൾ), ഗ്രാം (ചിക്കൻപീസ്) സോയ ബീൻസ്, പാചക എണ്ണ എന്നിവ അടങ്ങിയ 15 ദിവസത്തെ റേഷൻ നൽകാൻ കത്തോലിക്കാ സഭ തീരുമാനിച്ചു. ഈ റേഷൻ കേവലം ഭൗതിക നേട്ടമെന്നതിനേക്കാൾ അവ നിങ്ങളിലേക്കെത്തുന്ന പലരുടെയും സ്നേഹത്തെ പ്രതി ലഭിക്കുന്ന നന്മയാണെന്ന് ഓർക്കുവാനും അദ്ദേഹം അവരെ ഓർമിപ്പിച്ചു.
അഭിവന്ദ്യ പിതാക്കന്മാർക്കൊപ്പം ഫാ. സുശീൽ ടോപ്പോ, ഫാ. എയ്ഞ്ചലസ് ഇക്ക, ബ്ര. നിഖിൽ കുജുർ, കുൽദീപ് ടിർകി, ലൂയിസ് ബാര, അഭയ് ടിഗ്ഗ, സി. അമേലിയ മൊറാസ് ഉൾപ്പെടെ നസ്രത്ത് കോൺവെന്റിലെ സഹോദരിമാരും ഉദ്യമത്തിൽ പങ്കാളികളായി.
നേരത്തെ ഇതേ സംഘം റാഞ്ചിയിലെ “പ്രേം ആശ്രയ” എന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്ന പെൺകുട്ടികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും റേഷൻ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. നസ്രത്ത് സഹോദരിമാരുടെയും ജാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാഞ്ചിയിലെ കാതറിൻ സ്പാൾഡിങ് സെന്റർ കോമ്പൗണ്ടിലാണ് “പ്രേം ആശ്രയ” പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന ഓരോ പെൺകുട്ടികൾക്കും വേണ്ട പരിചരണം, സംരക്ഷണം, കൗൺസിലിംഗ് എന്നിവയ്ക്ക് പുറമെ മനഃശാസ്ത്രപരമായ പിന്തുണയും മറ്റും ഈ സ്‌ഥാപനം നൽകിവരുന്നു. ഹ്രസ്വകാലത്തെ പരിചരണത്തിന് ശേഷം റാഞ്ചിയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം കുടുംബങ്ങളിലേക്ക് തിരികെ അയയ്ക്കുകയോ തുടർ പരിചരണം ആവശ്യമെന്നു കണ്ടാൽ മറ്റ് സ്‌ഥാപനങ്ങളിലേക്ക് മാറ്റുകയോ ചെയ്യാറുണ്ട്. അഭയകേന്ദ്രത്തിലുള്ള പെൺകുട്ടികളെ അഭിസംബോധന ചെയ്ത ആർച്ച്ബിഷപ്പ് ഫെലിക്സ് ടോപ്പോ, ശക്തരും ധൈര്യശാലികളുമാകാനും ഭാവിയെ പ്രതീക്ഷയോടെ കാത്തിരിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു.