തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുന്നു. മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നഗരത്തിൽ കർശന നിയന്ത്രണം വേണ്ടി വരുമെന്ന് മേയർ പറഞ്ഞു. ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി വ്യാഴാഴ്ച നഗരത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.
സാഫല്യം കോംപ്ലക്സ് ഏഴു ദിവസത്തേക്ക് അടക്കും. ഇവിടെ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോംപ്ലക്സ് അടയ്ക്കുന്നത്. അസം സ്വദേശിയുടെ കടയിൽ ഈ ദിവസങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ എത്തി. ഷോപ്പിംഗ് കോംപ്ലക്സിൽ സന്ദർശകർ രജിസ്റ്റർ സൂക്ഷിച്ചിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇത് സഹായകമാകും എന്നാണ് പ്രതീക്ഷ.
പാളയം മാർക്കറ്റിൽ പ്രവേശനം ഒരു ഗേറ്റിലൂടെ മാത്രമായിരിക്കും അനുവദിക്കുക. മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു സ്ഥിരം ഡെസ്ക് ഇവിടെ ഉണ്ടാവും. മാർക്കറ്റിന് മുന്നിലുള്ള വഴിയോരക്കച്ചവടം നാളെ മുതൽ ഉണ്ടാവില്ല. പോലീസിൻറെ സഹായത്തോടെ മാർക്കറ്റിൽ എത്തുന്നവരെ നിയന്ത്രിക്കും.
ലോട്ടറി വിൽപ്പനക്കാരന് രോഗം സ്ഥിരീകരിച്ച വഞ്ചിയൂരും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന വാർഡുകൾ കന്റയിൻമെന്റ് സോൺ ആകുമെന്നും മന്ത്രി അറിയിച്ചു. വഞ്ചിയൂർ നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം വരുത്തും. ബസ് സ്റ്റോപ്പുകളിലും പൊലീസിന്റെ സഹായത്തോടെ ക്രമീകരണം ഏർപ്പെടുത്തും. രാവിലെ 8:30 മുതൽ നഗരത്തിലെ 10 വാർഡുകൾ അണുനശീകരണം നടത്തുമെന്നും മേയർ അറിയിച്ചു.
പൊതുജനങ്ങൾ കൂടുതലെത്തുന്ന മറ്റു മാർക്കറ്റുകളിലും സർക്കാർ ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലുമടക്കം പൊലീസിന്റെ സഹായത്തോടെ നിയന്ത്രണങ്ങൾ കർശനമാക്കും.
ബുധനാഴ്ച പൂന്തുറയിലുള്ള മത്സ്യത്തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്‌പിറ്റൽ ക്വാറന്റീൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.
ഉറവിടമറിയതെ രോഗം സ്ഥിതീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.
കടപ്പാട്: ന്യൂസ് 18.