മെക്‌സിക്കോ: കാൻസർ ആശുപത്രിയിൽ രോഗ ബാധിതരായി കഴിയുന്ന 38 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപനം നൽകി മെക്‌സിക്കൻ ബിഷപ്പ്. ക്വെറെറ്റാരോ രൂപതാ ബിഷപ്പ് ഫിഡെൻസിയോ ലോപ്പസ് പ്ലാസയുടെ മുഖ്യകാർമികത്വത്തിലായിരുന്നു, തീവ്ര പരിചരണ കേന്ദ്രത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് സ്‌ഥൈര്യലേപന കൂദാശ പരികർമം ചെയ്തത്.
ശുശ്രൂഷാമധ്യേ കുഞ്ഞുങ്ങളെ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ച ബിഷപ്പ് ലോപസ്, ദൈവത്തിലേക്ക് നയിക്കപ്പെടാൻ അവരെ പരിശുദ്ധാത്മാവിൽ ഭരമേൽപ്പിക്കുകയും ചെയ്തു. അഭിഷേകം ചെയ്യപ്പെടുന്നതിലൂടെ, നാം ക്രിസ്തുവിന്റേതാണെന്ന ഉറപ്പ് ലഭിക്കുകയാണെന്നും നെറ്റിയിലും കൈപ്പത്തിയിലും അവർ സ്വീകരിച്ച അഭിഷേകത്താൽ പരിശുദ്ധാത്മാവ് അവരെ സ്‌നേഹത്തിന്റെ ഭാഷയിൽ ദൈവത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുക്കർമങ്ങൾക്കുമുമ്പ് ബിഷപ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വൈദികരും ചികിത്സയിലുള്ള മറ്റ് രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്ന മതബോധന പ്രവർത്തകരാണ് കൂദാശാ സ്വീകരണത്തിനായുള്ള കുട്ടികളെയും യുവജനങ്ങളെയും ഒരുക്കിയതെന്ന് ക്വെറെറ്റാരോ രൂപത ഫേസ്ബുക്കിലൂടെ അറിയിച്ചു.