ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ മൗലിക അവകാശം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട്, അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചുവട് -2023 വെള്ളയമ്പലം വിശുദ്ധ ജിയന്ന ഹാളിൽ നടന്നു. അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ പി സ്കൂളുകളിലെ പ്രധാന അധ്യാപകർക്കായുള്ള ഏകദിന ശില്പശാലയിൽ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ ചെലുത്തേണ്ട 5 വ്യത്യസ്ത മേഖലകളെ ആസ്പദമാക്കിയുള്ള വിലയിരുത്തൽ നടന്നു. എല്ലാ പ്രൈമറി സ്കൂളുകളിലും എങ്ങനെ ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാവർത്തികമാക്കാം എന്നുള്ള ചർച്ചകളാണ് ശില്പശാലയിൽ നടന്നത്.
ധാർമികം, ബൗദ്ധികം, സർഗ്ഗാത്മകം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അടുത്ത വർഷത്തെ ആക്ഷൻ പ്ലാൻ അധ്യാപകർ തയ്യാറാക്കുകയായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന വിഷയങ്ങളും അതിനനുസരിച്ചുള്ള പദ്ധതികളും ശില്പശാലയിലൂടെ ആവിഷ്കരിച്ചു.
എല്ലാ കുട്ടികളും എഴുത്തിലും വായനയിലും നൈപുണ്യം നേടാനും കണക്കിലെ അടിസ്ഥാന അറിവ് സായുക്തമാക്കുക എന്നതുമാണ് അത്യന്തികമായ ലക്ഷ്യം. വിവിധ കളികളിലൂടെ കുട്ടികൾക്ക് കണക്കിന്റെ മായാലോകത്തെ പരിചയപ്പെടുത്താനും പഠനം ആനന്ദകരമാക്കുകയെന്നന്നതിനെയും ആസ്പദമാക്കി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകനായ ശ്രീ. ജോയ് പൗലോസ് അധ്യാപകർക്ക് പരിശീലനം നൽകി. അടുത്ത അക്കാദമിക വർഷത്തെ പ്ലാൻ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് എസ്.ഇ.ആർ.ടി-യുടെ പ്രൈമറി ആൻഡ് പ്രീ പ്രൈമറി മേഖലകളെ പറ്റിയുള്ള നിർദ്ദേശങ്ങൾ ശ്രീമതി ജാസ്മിൻ അവതരിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ഡയ്സൻ- ന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ 20 അധ്യാപകർ പങ്കെടുത്തു.