വെള്ളയമ്പലം: ക്രിസ്തുമസ് സ്നേഹത്തിന്റെ മഹോത്സവം, സ്നേഹമാകുന്ന ദൈവം മനുഷ്യരോടോത്ത് വസിക്കാൻ വരുന്ന സുദിനം. ആയിരം പുല്ക്കൂട്ടിൽ ഉണ്ണിയേശു പിറന്നാലും നമ്മുടെ ഹൃദയങ്ങളിൽ സ്നേഹമില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകില്ലായെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. അതിരൂപത കുടുംബപ്രേഷിത ശൂശ്രൂഷ വിളിച്ചു ചേർത്ത 35 നും 45 നും വയസ്സിനിടയിലെ ഏകസ്ഥരുടെ സംഗമത്തിൽ ക്രിസ്തുമസ് സന്ദേശം നൽകുകയായിരുന്നു മെത്രാപ്പൊലീത്ത.
ഡിസംബർ 21, വ്യാഴാഴ്ച രാവിലെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ക്രിസ്തുമസ് സ്മൈൽ 2023 എന്ന പേരിലുള്ള ഏകസ്ഥരുടെ സംഗമം കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനിസ്റ്റൻ സ്വാഗതമേകി. തുടർന്ന് ‘ജീവിതാന്തസ്സ് ദൈവീക ദാനം’ എന്ന ക്ളാസ്സിന് ആർട്ട്സ് & ക്രാഫ്റ്റ്സ് കോളേജ് മാനേജർ ശ്രീ. അജിത്ത് പെരേര നേതൃത്വം നൽകി. കുടുംബശൂശ്രൂഷ: അജപാലനപരമായ അനുധാവനം എന്ന വിഷയത്തിൽ ശ്രീ. സതീഷ് ജോർജ്ജ് ക്ലാസ്സ് നയിച്ചു. തുടർന്ന് കൂട്ടായ്മയക്ക് രൂപം നൽകി. പുല്ലുവിള ഇടവകയിലെ ശ്രീമതി ഗൊരൈറ്റി, മരിയ നാട് ഇടവകയിലെ ശ്രീ. യേശുദാസൻ എന്നിവർ തങ്ങളുടെ ജീവിതാനുഭവം പങ്കുവച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് ക്രിസ്തുമസ് സമ്മാനം അഭിവന്ദ്യ മെത്രാപ്പൊലീത്തയും ഡയറക്ടർ ക്രിസ്റ്റൽ റൊസാരിയോയും നല്കി. വിവിധ ഫെറോനകളിലെ ആനിമേറ്റേഴ്സ്, അതിരൂപത സമിതി അംഗങ്ങൾ, കുടുംബശുശ്രൂഷ വോളന്റിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. വോളന്റിയർ ശ്രീ. ബാബു മുട്ടട, പാളയം ഫെറോന കൺവീനർ ശ്രീ. ബാബു ഫ്രാൻസിസ് സ്വാഗതവും കൃതജ്ഞതയും പറഞ്ഞു.
കുടുംബങ്ങളുടെ വളർച്ചയും വീണ്ടെടുപ്പും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബപ്രേഷിത ശൂശ്രൂഷ ഒരോ വർഷവും ജീവിതത്തിൽ ആശ്രയം ആവശ്യമുള്ള ഓരോ വിഭാഗങ്ങളെ അനുധാവനം ചെയ്തുവരുന്നു. ഓരോ വിഭാഗങ്ങളുടെയും ഇടവക തലത്തിൽ കണക്കെടുപ്പ് നടത്തി ലഭിക്കുന്ന വ്യക്തികളെ കുടുംബശുശ്രൂഷ ആനിമേറ്റേഴ്സ്, വോളന്റിയേഴ്സ് നേരിൽ സന്ദർശിച്ച് സ്ഥിതിവിവര ശേഖരണം നടത്തിയ ശേഷമാണ് ക്രിസ്തുമസിന് മുന്നോടിയായി ആ വിഭാഗങ്ങളുടെ സംഗമമവും കൂട്ടായ്മയും രൂപീകരിക്കുന്നത്. വരും ദിനങ്ങളിൽ ഇവർക്കായുള്ള അനുധാവന പ്രവർത്തനങ്ങൾ തുടരും. കഴിഞ്ഞ വർഷങ്ങളിൽ ബധിരർ, അന്ധർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, മക്കളില്ലാത്ത ദമ്പതികൾ എന്നിവരെ ഇതേ മാതൃകയിൽ അനുധാവനം ചെയ്തിരുന്നു.