ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 28 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങളിലും ‘ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരില്‍ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവര്‍ത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളില്‍ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവില്‍, ക്രിസ്ത്യാനികള്‍ക്കെതിരായ 161 അക്രമ സംഭവങ്ങള്‍ ഫോറത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുസിഎഫ് അറിയിച്ചു.
‘ഇത് രാജ്യത്തെ ക്രിസ്ത്യാനികള്‍ക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. യുസിഎഫിന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ എ.സി. മൈക്കല്‍ പറഞ്ഞു. ‘ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന ഭരണ സംവിധാനത്തിന്റെ പ്രത്യയശാസ്ത്രമാണ് ന്യൂനപക്ഷ സമുദായങ്ങള്‍ അരക്ഷിതരാണെന്ന് തോന്നിപ്പിക്കുന്ന ഈ സാഹചര്യം ഉണ്ടാക്കിയതെന്ന് എ.സി. മൈക്കല്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി മതപരിവര്‍ത്തന നിരോധ നിയമം നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക പോലീസിന്റെ പിന്തുണയോടെ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളെ ദ്രോഹിക്കാന്‍ ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഛത്തീസ്ഗഡ് ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും മോശം സംസ്ഥാനമായി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച് പകുതി വരെ ക്രിസ്ത്യാനികള്‍ക്കെതിരെ 47 അക്രമ സംഭവങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ഇവിടെ സാമൂഹികമായി ബഹിഷ്‌കരിക്കപ്പെടുന്നു. ശ്മശാന സ്ഥലങ്ങളിലേക്കു പ്രവേശനവും വെള്ളവും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യാനികള്‍ക്കെതിരായ 36 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും ക്രിസ്ത്യാനികള്‍ക്കെതിരായ 14 അക്രമ സംഭവങ്ങളുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.