ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ആദിവാസി ക്രിസ്ത്യാനികളും ക്രിസ്ത്യാനികളല്ലാത്ത തദ്ദേശീയരും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയായിരുന്നു. അക്രമാസക്തരായ ഒരു വിഭാഗം ജനങ്ങൾ കത്തോലിക്കാ പള്ളിയും മദർ മേരിയുടെ ഗ്രോട്ടോയും തകർത്തു. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി അഞ്ച് വർഷം മുൻപാണ് പുനർനിർമിച്ചത്. ജനുവരി 2- ആം തിയതി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജനക്കൂട്ടം സേക്രഡ് ഹാർട്ട് പള്ളിയുടെ വളപ്പിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് റിപ്പോർട്ട്.
ആദ്യം പള്ളിക്ക് നേരെ കല്ലെറിയാൻ തുടങ്ങിയ ജനക്കൂട്ടം പെട്ടെന്ന് കൂടുതൽ അക്രമാസക്തരാവുകയും പള്ളിയുടെ വാതിലുകൾ തകർക്കുകയും ചെയ്തു. പള്ളിയുടെ അകത്തു കടന്ന് യേശുക്രിസ്തുവിന്റെ രൂപം ഉൾപ്പെടെ നശിപ്പിച്ചു. വടിയുമായി വന്ന ചിലർ പള്ളിമേടയിൽ കയറിയും ആക്രമിച്ചു. പള്ളി കാമ്പസിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ ഗ്രോട്ടോയും അക്രമാസക്തരായ ജനക്കൂട്ടം തകർത്തു. പോലീസുകാർ ഏറെ ശ്രമപ്പെട്ടാണ് ആക്രമകാരികളെ ഒഴിപ്പിച്ചതെന്നും വളരെ സംഘർഷഭരിതമായ സാഹചര്യമാണ് ഉള്ളതെന്നും സേക്രഡ് ഹാർട്ട് ഇടവക വികാരി ഫാ. ജോമോൻ ദേവസ്യ പറഞ്ഞു.
ഒരു കിലോമീറ്റർ അകലെയുള്ള മാർക്കറ്റിന് സമീപം ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നത് സംബന്ധിച്ച് രാവിലെ പോലീസിൽ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് പോലീസ് പള്ളി അധികാരികൾക്ക് ഉറപ്പ് നൽകിയിരുന്നു. പള്ളി ആക്രമിച്ച രോഷാകുലരായ ജനക്കൂട്ടവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ജില്ലാ പോലീസ് സൂപ്രണ്ട് സന്ദന്ദന്ദ് കുമാറിന് തലയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.