ഇന്ത്യയിലെ റോമൻ ലത്തീൻ കത്തോലിക്കർ ഓഗസ്റ്റ് 7 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ ദേശീയ പ്രാർത്ഥനാ ശുശ്രൂഷ നടത്തും. കോവിഡ് പകർച്ചവ്യാധിമൂലം രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുഷ്‌കരമായ അവസ്‌ഥയെ കണക്കിലെടുത്താണ് ഈ ഉദ്യമം. ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ കൂട്ടായ്മയായ സിസിബിഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, ദുഃഖാർത്തരായ കുടുംബങ്ങളോടും സമൂഹങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, ലോകം മുഴുവന്റെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കാനുമുള്ള ലക്ഷ്യത്തോടെ, സിസിബിഐ ഭാരവാഹികളായ പ്രസിഡന്റ് മോസ്റ്റ് റവ. ഫിലിപ്പ് നേരി ഫെറാവോ (ആർച്ച്ബിഷപ്, ഗോവ-ദാമൻ അതിരൂപത), വൈസ് പ്രസിഡന്റ് മോസ്റ്റ് റവ. ജോർജ്ജ് അന്തോണിസാമി, (ആർച്ച്ബിഷപ്, മദ്രാസ്-മൈലാപ്പൂർ അതിരൂപത), സെക്രട്ടറി ജനറൽ മോസ്റ്റ് റവ. അനിൽ കൗതോ (ആർച്ച്ബിഷപ്, ഡൽഹി അതിരൂപത) എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ മീറ്റിംഗിലാണ് ഒരു മണിക്കൂർ പ്രാർത്ഥനാ ശുശ്രൂഷ എന്ന തീരുമാനം കൈക്കൊണ്ടത്.
“നാമെല്ലാവരും വളരെ പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് -19 മഹാമാരി മൂലം നമ്മളിൽ പലരും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നു. വൈറസിനു കീഴടങ്ങി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അവരുടെ അന്ത്യകർമ്മങ്ങൾ നടത്തുവാനുള്ള അവസരംപോലും നഷ്ടപ്പെട്ട കാലമാണ് കടന്നുപോകുന്നത്. അദൃശ്യനായ ശത്രുവിന്റെ പിടിയിൽ കഷ്ടപ്പെട്ട് പലരും ഇപ്പോഴും ആശുപത്രികളിലാണ്. മറ്റു പലർക്കും ജോലി നഷ്‌ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റം ചേർക്കുവാൻ പ്രയാസപ്പെടുന്നു.”
വി. തോമാശ്ലീഹാ, വി. ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വി. തെരേസ എന്നിവരുടെ ശവകുടീരങ്ങളിൽ നിന്നും മുംബൈയിലെ ബാന്ദ്ര, മീററ്റിലെ സാർഥന, ഹൈദരാബാദ്, ബെംഗളൂരുവിലെ ശിവാജിനഗർ, വേളാങ്കണ്ണി എന്നീ മരിയൻ ബസിലിക്കകളിലും പ്രത്യേകമായി പ്രാർഥനാ ശുശ്രൂഷകൾ സംഘടിപ്പിക്കും. ദിവ്യകാരുണ്യ ആരാധനയോടൊപ്പം നടത്തുന്ന ശുശ്രൂഷകൾ കത്തോലിക്കാ സാറ്റലൈറ്റ് ടെലിവിഷൻ ചാ നലുകളിലും പ്രമുഖ കത്തോലിക്കാ യൂട്യൂബ് ചാനലുകളിലൂടെയും സംപ്രേക്ഷണം ചെയ്യും.
ഇടവക ഉൾപ്പെടെയുള്ള വിശ്വാസിസമൂഹങ്ങളോട് പ്രാർത്ഥനാ സേവനത്തിൽ പങ്കുചേരാൻ പ്രത്യേകം അഭ്യർഥിച്ചിട്ടുണ്ട്. ഈ ശുശ്രൂഷയിൽ വിദേശത്തും മറ്റും ഉള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കുചേരുവാൻ ക്ഷണിക്കുവാനും ആഹ്വാനം ചെയ്യുന്നുണ്ട്.
രൂപതകൾ, സന്യാസിസമൂഹങ്ങൾ, അസോസിയേഷനുകൾ, പ്രസ്ഥാനങ്ങൾ, രൂപത-പ്രാദേശിക-ദേശീയ സംഘടനകൾ എന്നിവ ഈ സമയത്ത് മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനാൽ ഈ ദേശീയ പ്രാർത്ഥനാ സേവനത്തിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്നത്ര ആളുകളെ പ്രാപ്തരാക്കുവാനും സാധിക്കുമെന്ന് കരുതുന്നു. പ്രാർത്ഥനാ ശുശ്രൂഷയുടെ പ്രധാന വിശദാംശങ്ങൾ യഥാസമയം എല്ലാവരേയും അറിയിക്കുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
“നമുക്ക് ഒരു കുടുംബമെന്ന നിലയിൽ നമ്മുടെ കർത്താവിനോട് പ്രാർത്ഥിക്കാം, വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന ഈ സമയത്ത് നമ്മെ സഹായിക്കാൻ പരിശുദ്ധ അമ്മയുടെയും പ്രിയപ്പെട്ട വിശുദ്ധരുടെയും മധ്യസ്ഥത തേടി അപേക്ഷിക്കാം.”
CCBI