വിഴിഞ്ഞം തുറമുഖ സമരം ഒരു പ്രദേശത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ( സി ബി സി ഐ ) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് വിഴിഞ്ഞം സമരത്തെപ്പറ്റിയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഇതിനെ കേവലം ഒരു മതത്തിന്റേത് മാത്രമാക്കി മാറ്റാനുള്ള ശ്രമം വിലപോവില്ലെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കാൻ വേണ്ടിയുള്ള സമരത്തിന് കേരളത്തിലെ എല്ലാ വിഭാഗക്കാരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂർ, കോറമംഗല സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ ഇന്നുമുതൽ പതിനൊന്നാം തീയതി വരെ നടക്കുന്ന സി ബി സി ഐ സമ്മേളനത്തിൽ സീറോ മലബാർ ലത്തീൻ മലങ്കര സഭകളിൽ നിന്ന് 200 ബിഷപ്പുമാർ പങ്കെടുക്കുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പുരോഹിതസഭയുടെ പ്രാധാന്യം എന്നതാണ് സിബിസിഐ സമ്മേളനത്തിന്റെ വിഷയം. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം രാജിനിർമ്മിതിയുമായി ബന്ധപ്പെട്ട തുടർപദ്ധതികൾക്ക് രൂപം നൽകും. സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, ബംഗളൂരു അതിരൂപത വികാരി ജനറൽ മോൺ. ജയനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.