കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച നൂറോളം യുവപോരാളികളെ ബെംഗളൂരു അതിരൂപത ആദരിച്ചു. 2021 ജൂലൈ 18 ഞായറാഴ്ച പാലന ഭാവന പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ‘യുവചേതന’ യുവജന കമ്മീഷന്റെ നേതൃത്വത്തിലാണ് അതിജീവനത്തിന്റെ മാതൃകകളായി മാറിയ യുവജനങ്ങളെ ആദരിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ സഹായഹസ്തമായി മാറിയ കത്തോലിക്കാ സ്‌ഥാപനങ്ങളെ – പ്രത്യേകമായി കമില്ലിയൻ വൈദികരെ, സെന്റ് ജോൺസ്, സെന്റ് മാർത്താസ്, സെന്റ് ഫിലോമിനാസ് ആശുപത്രികളെ – അഭിനന്ദിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച അതിരൂപത ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ സന്നദ്ധസേവനം എന്നത് മരണത്തിന്റെ ഗുഹയിൽ പ്രവേശിക്കുന്നത് പോലെയാണ്. ആശുപത്രികളിലെ രോഗികളോടും ദരിദ്രരോടും നിങ്ങൾ കാണിച്ച അനുകമ്പ മറ്റൊരവസരത്തിൽ നിങ്ങളിലേക്ക് തന്നെ തിരികെയെത്തുമെന്നു യുവജനങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു.
യൂത്ത് കമ്മീഷന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ച അദ്ദേഹം, അതിരൂപതയ്ക്ക് കീഴിലെ ദരിദ്ര വിഭാഗങ്ങൾക്കായി വസ്ത്ര ബാങ്കുകൾക്കൊപ്പം ഭക്ഷണ ബാങ്കുകളും (കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകൾ) രൂപീകരിക്കണമെന്ന് പറഞ്ഞു.
ഐസിവൈഎം (ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ്) ബാംഗ്ലൂർ പ്രസിഡന്റ് ജെറി ജോക്കിന്റെ നേതൃത്വത്തിൽ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ അതിരൂപതയിലെ വിവിധ യുവജനങ്ങൾ സംഘങ്ങളായി തിരിഞ്ഞു വിവിധ മേഖലകളിൽ തങ്ങൾക്കാവുന്ന വിധം സമൂഹത്തിനായി സേവനം ചെയ്തു. അവരിൽ 102 പേർ വിവിധ ആശുപത്രികളുടെ കോവിഡ് വാർഡുകളിൽ സന്നദ്ധസേവനം നടത്തി. “Here I am” (ഇതാ ഞാൻ) എന്ന സന്നദ്ധ സേവന കൂട്ടായ്‌മയ്‌ക്കൊപ്പം 256 കോവിഡ് രോഗികളുടെ മരണാനന്തര കർമ്മങ്ങൾക്കായി 28 യുവജനങ്ങൾ ഒത്തുചേർന്നു. നഗരത്തിലെ റോയപുരം, ചാമ്‌രാജ്പേട്ട്, മൈസൂർ റോഡ് മേഖലകളിലെ നിരാശ്രയരായവർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. മുപ്പതോളം പേർ ചേർന്ന് അഞ്ഞൂറിലേറെ പലവ്യഞ്ജന കിറ്റുകൾ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്തു. മുന്നൂറോളം പേർ പങ്കെടുത്ത വാക്സിനേഷൻ ക്യാമ്പും ശ്രദ്ധേയമായി. ബെംഗളൂരുവിലെ ഡോൺ ബോസ്‌കോ ബ്രെഡ്‌സിന്റെ സഹായത്തോടെ കോവിഡ് രോഗികൾക്കായി മൂവായിരത്തോളം രൂപ വിലവരുന്ന അറുന്നൂറോളം മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തുവരുന്നു.
ഫാ. ജോൺ തെക്കേക്കര (അസോസിയേറ്റ് ഡയറക്ടർ, സെന്റ് ജോൺസ് ആശുപത്രി) സി. ഗ്രേസി RGS (സുപ്പീരിയർ, സെന്റ് മാർത്താസ് ആശുപത്രി, സി. ത്രേസിയാമ്മ (അഡ്മിനിസ്ട്രേറ്റർ, സെന്റ് ഫിലോമിനാസ് ആശുപത്രി), ഫാ. സിറിൽ വിക്ടർ (ഡയറക്ടർ, പാസ്റ്ററൽ സെന്റർ), സി. വിൽമ റിബെല്ലോ (പ്രൊവിൻഷ്യാൾ, സെന്റ് ചാൾസ് ബോറോമിയോ കോൺഗ്രിഗേഷൻ), പ്രവീൺ പീറ്റർ, ഫാ. റൂബിൻ മാത്യു SDB (ഡയറക്ടർ, ഡോൺ ബോസ്‌കോ ബ്രെഡ്‌സ്) എന്നിവർ അനുമോദന സമ്മേളനത്തിൽ സന്നിഹിതരായി.