തീരശോഷണം നേരിടുന്ന തിരുവനന്തപുരത്തെ
ഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര മുന്നേറുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനത, തങ്ങളുടെ അതേ അവസ്ഥ മറ്റൊരു ജനതക്ക് വരരുതെന്ന താക്കീതുയർത്തി, സമൂഹമന:സാക്ഷിക്ക് മുന്നിൽ തങ്ങളൊന്നായി ചേർന്ന് നിൽക്കുമെന്ന ബോധ്യം നൽകുകയാണീ ജനബോധന യാത്രയിലൂടെ.ആയിരങ്ങളാണ് വാഹനങ്ങളിലായി ഈ ബഹുജന യാത്രയിൽ അണിചേരുന്നത്.
ഇനിയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന ഭരണ നേതാക്കൾക്ക് ബോധോദയമുണ്ടാവാൻ കേരള ബഹുജന സംഘടനകൾ ഒന്നടങ്കം അണിനിരക്കുകയാണീ യാത്രയിൽ. ജനബോധന യാത്ര ബഹുജന മാർച്ചായി തിരുവനന്തപുരം അതിരൂപത നയിക്കുന്ന അതിജീവന സമര പന്തലിലെത്തും. കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെയും വിവിധ മത്സ്യത്തൊഴിലാളി, സാമൂഹിക പാരിസ്ഥിതിക സംഘടനകളുടെയും സഹകരണത്തോടെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെയും നേതൃത്വത്തിലാണ് ബഹുജന മാർച്ച് നടത്തുന്നത്.