തുത്തൂർ: അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ശാക്തീകരണം ലക്ഷ്യംവച്ച് തുത്തൂർ ഫൊറോനയിൽ ബിസിസി സംഗമം നടന്നു. ഫൊറോന വികാരി റവ. ഫാ. ബെബിൻസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ബിസിസി എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ജിബു ജെ. ജാജൻ സ്വാഗതം പറഞ്ഞു.
ദൈവവചനം വായിച്ച് അതിന്റെ പ്രഘോഷകരാകാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും. ആ നിലയ്ക്ക് ബിസിസികളിൽ അനാവശ്യ ചിന്തകളും ചർച്ചകളും ഒഴിവാക്കി സിനഡാത്മക ചൈതന്യം ഉൾക്കൊണ്ട് പരിശുദ്ധാത്മാവിൽ ഒരുമിച്ച് യാത്രചെയ്യുന്ന ഒരു സമൂഹമായി മാറുവാൻ സാധിക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഫാ. ഡാനിയേൽ പറഞ്ഞു. അതിരൂപത അജപാലന സമിതി നിയമാവലിയുടെ തമിഴ് പരിഭാഷ അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് ഫെറോന വികാരി ഫാ. ബെബിൻസണ് കൈമാറി പ്രാകാശനം ചെയ്തു.
വിവിധ ഇടവകകളിൽ നിന്നായി എത്തിയ വലിയ ജനപങ്കാളിത്തവും സംഗമത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളും പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ഇരയിമ്മൻ തുറ ഇടവക വികാരി ഫാ. സൂസൈ ആന്റണി, ഫൊറോന ബിസിസി സിസ്റ്റർ പ്രതിനിധി സിസ്റ്റർ പൂജാ, ആനിമേറ്റർ സിസ്റ്റർ ഹെൽഡ, തുത്തൂർ ഇടവക കൗൺസിൽ അംഗം ശ്രീ. ജറാൾഡ്, , ഫാ. ബെൻസിഗർ, ഫാ. രജീഷ് ബാബു. ഫാ. ടോമി, ഫാ. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.