തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞുമുതൽക്ക് ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവ് ആരംഭിക്കുന്നു. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം മെത്രാപ്പോലീത്തയോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസോ ഔദ്യോഗികമായി സഭയിൽ അംഗമാകുന്ന പ്രാരംഭകൂദാശ നൽകും.
ഇക്കൊല്ലം ആഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 3.30ന് അതിരൂപതാ ഭദ്രാസനമന്ദിരത്തോട് ചേർന്ന വെള്ളയമ്പലം സെന്റ് തെരേസാസ് ദേവാലയത്തിൽ വച്ച് സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ആയിരിക്കും നാലാം കുട്ടികൾക്ക് മാമ്മോദീസ നൽകുക.
ഇപ്രകാരം നാലാം കുഞ്ഞുമുതലുള്ളവർക്ക് ജ്ഞാനസ്നാനം നൽകണമെങ്കിൽ ബന്ധപ്പെട്ട രേഖകളുമായി അതിരൂപതാ കുടുംബ ശുശ്രൂഷ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് (കൂടുതൽ വിവരങ്ങൾക്ക് 9400101044) ശുശ്രൂഷ ഡയറക്ടർ റവ. ഫാ. എ. ആർ. ജോൺ, അസി. ഡയറക്ടർ റവ. ഫാ. ജെനിസ്‌റ്റൻ എന്നിവരയച്ച കത്തിൽ പറയുന്നു.
പാലാ രൂപതാ കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് അടുത്ത നാളിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വലിയ മാധ്യമ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് നിരവധി രൂപതകൾ തങ്ങൾ വലിയ കുടുംബങ്ങൾക്ക് വർഷങ്ങളായി നൽകിവരുന്ന സഹായങ്ങൾ പരസ്യപ്പെടുത്തുകയോ, കൂടുതൽ സഹായങ്ങൾ പ്രഖ്യാപിക്കുകയോ ചെയ്തിരുന്നു.