അതിരൂപതയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിതാവസ്ഥകൾ പരിഹരിക്കപ്പെടാനായി ഏഴിന ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള ഈ സമരം ആരംഭിച്ചത് വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണെന്നും, ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അതിരൂപത അധ്യക്ഷൻ. ജനബോധന യാത്രയുടെ സമാപന സമ്മേളനത്തിൽ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്ര എളുപ്പമൊന്നും സർക്കാരുകൾ നമ്മുടെ ന്യായമായ ആവശ്യങ്ങളെ അംഗീകരിക്കില്ലെന്ന് അന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഭരണകർത്താക്കൾക്ക് ന്യായമായ ആവശ്യമായി തോന്നുന്നത് തുറമുഖ നിർമ്മാണം പൂർത്തീകരിക്കണമെന്നതാണ്. അദാനിയെ പ്രീതിപ്പെടുത്തണമെന്നതും.
തെറ്റായ, അശാസ്ത്രീയമായ ഈ നിർമ്മാണം എത്രതന്നെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങൾ ഒരിക്കലും വികസന വിരോധികൾ അല്ല. കത്തോലിക്കാ സഭ വലിയ ത്യാഗങ്ങൾ സഹിച്ചാണ് വികസനത്തിനായി വഴിമാറി തന്നത്. എന്നാൽ ഇത് വികസനം അല്ല എന്ന പൂർണ ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ് നിർത്തിവച്ച് ആവശ്യമായ പഠനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതൊരു വിനാശകരമായ പദ്ധതിയാണ്. മത്സ്യത്തൊഴിലാളി സമൂഹം എന്നും ഏറ്റവും താഴെത്തട്ടിലാണ്. അത് വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിലെല്ലാം പ്രകടമാണ്. എന്നിട്ടിപ്പോൾ നമ്മുടെ ജീവിതത്തെയും സംസ്കാരത്തെതന്നെയും തുടച്ചു മാറ്റുന്ന ഈ ഭരണത്തിനുമുന്നിൽ മുട്ടുമടക്കാനാവില്ല., അദ്ദേഹം പറഞ്ഞു.
തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ന്യായമായ ഈ ആവശ്യങ്ങൾ നടപ്പിലാക്കി തരുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്, അത് കൊണ്ടുതന്നെയാണ് ഈ സമരവുമായി മുന്നോട്ടു പോകുന്നത്, ആവശ്യങ്ങൾ നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് ആവട്ടെ എന്ന് പ്രാർത്ഥിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.