വത്തിക്കാൻ: ഏതു പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുമെന്ന് ഫ്രാൻസിസ് പാപ്പ. 65 വയസ്സിനുമേൽ പ്രായമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ “വാർധകരുടെ സ്ഥാപനം” എന്ന് വിവർത്തനം ചെയ്യാവുന്ന “ഫൊന്താത്സിയോനെ എത്താ ഗ്രാന്തെ” യുടെ (Fondazione Età Grande) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു കൂടിക്കാഴ്ചയ്ക്കെത്തിയ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും ഉൾപ്പെടുന്ന ആറായിരത്തോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്‌ച (27/04/24) വത്തിക്കാനിൽ, പോൾ ആറാമൻ ഹാളിൽ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
എല്ലാ പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു എന്ന യാഥാർത്ഥ്യം വിചിന്തനവിഷയമാക്കിയ പാപ്പാ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും തമ്മിലുള്ള പരസ്പരസ്നേഹം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. എല്ലാ തലമുറകളെയും ഒന്നിപ്പിക്കുന്ന എന്നും യുവത്വമാർന്ന വിശ്വാസം പങ്കിടാനുള്ള ആഗ്രഹത്തോടെ ഒരു “മുത്തച്ഛൻ” എന്ന നിലയിലാണ് താൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.
“വൃദ്ധജനത്തിൻറെ ലോകം” “യുവലോകം” എന്നിങ്ങനെയുള്ള വേർതിരിവിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ലോകം ഒന്നേയുള്ളുവെന്നും അത് പരസ്പരം സഹായിക്കുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും വേണ്ടിയുള്ള വിവിധങ്ങളായ യാഥാർത്ഥ്യങ്ങളാൽ, അതായത്, തലമുറകൾ, ജനതകൾ, വൈവിധ്യങ്ങൾ എന്നിവയാൽ രൂപീകൃതമാണെന്നും ഇവയെയെല്ലാം സംയോജിപ്പിക്കുകയാണെങ്കിൽ അവ വലിയൊരു വജ്രത്തിൻറെ പല മുഖങ്ങളായി മനുഷ്യൻറെയും സൃഷ്ടിയുടെയും അത്ഭുതകരമായ തേജസ്സ് വെളിപ്പെടുത്തുമെന്നും പറഞ്ഞു. ദൈവം നമുക്കു സമ്മാനിച്ച ഏറ്റം മനോഹര നിധിയായ സ്നേഹ രത്നം നാം തകർത്തുകളയരുതെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.