വത്തിക്കാന്‍ സിറ്റി: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് ഒരിക്കലും ഹൃദയത്തിന്റെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. സാങ്കേതിക വിദ്യയില്‍ സമ്പന്നരും മനുഷ്യത്വത്തില്‍ ദരിദ്രരുമാകുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ പ്രതിഫലനങ്ങള്‍ മനുഷ്യഹൃദയത്തില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. ഈ വര്‍ഷത്തെ ലോക സമൂഹ മാധ്യമ ദിന സന്ദേശത്തില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പാ കൃത്രിമബുദ്ധിയുടെ കാലത്ത് മാനുഷിക ഇടപെടല്‍ എങ്ങനെയായിരിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചത്.
അതേസമയം, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കൃത്രിമബുദ്ധിക്ക് ആശയവിനിമയരംഗത്ത് നല്ല സംഭാവനകൾ നൽകാൻ സാധിക്കുമെന്നും, പാപ്പാ ഉദ്ബോധിപ്പിച്ചു. “ആശയവിനിമയരംഗത്തുള്ള ആളുകളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുകയും തൊഴിൽപരമായ കഴിവുകളെ മൂല്യവത്ക്കരിക്കുകയും, പ്രാദേശികമായ ജേർണലിസം ഒഴിവാക്കാതിരിക്കുകയും ചെയ്‌താൽ, കൃത്രിമബുദ്ധിക്ക് വാർത്താവിനിമയരംഗത്ത് നല്ല സംഭാവനകൾ നൽകാൻ സാധിക്കും” എന്ന് ഫ്രാൻസിസ് പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.