✍🏻 ടെൽമ ജെ. വി. (കരുംകുളം)
തിരുവനന്തപുരം : ലത്തീൻ അതിരൂപതയുടെ പുല്ലുവിള ഫെറോനയിലെ മതബോധന അധ്യാപകർക്കായുള്ള രൂപതാതല ട്രെയിനിങ് പ്രോഗ്രാം പൂവാർ സെന്റ് ബർത്തലോമിയ പാരിഷ് ഹാളിൽ വച്ച് നടത്തി. 2021 ഡിസംബർ 5 ഞായറാഴ്ച നടന്ന ശില്പശാലയിൽ ഫെറോനയിലെ ഇരുന്നൂറോളം മതബോധന അധ്യാപകർ പങ്കെടുത്തു. പുല്ലുവിള ഫെറോന വികാരി റവ. ഫാ. സിൽവസ്റ്റർ കുരിശ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂവാർ സെന്റ് ബർത്തലോമിയ ഇടവക വികാരി റവ. ഫാ.അനീഷ് ഫെർണാണ്ടസ് ആമുഖ സന്ദേശം നൽകി.
തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ റവ. ഫാ. ഡാർവിൻ പീറ്റർ അധ്യാപകർക്കായി സിനഡാത്മക ജീവിതത്തെയും സിനഡിലൂടെ പാപ്പ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും നിർദ്ദേശങ്ങളെയും പറ്റി ക്ളാസ് നൽകി. മതബോധനരംഗത്തുള്ളവർക്കായി ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ആന്റിക്വം മിനിസ്റ്റീരിയം എന്ന അപ്പസ്തോലിക തിരുവെഴുത്തിനെക്കുറിച്ചും, സിനഡിന് ഒരു ആമുഖം എന്ന വിഷയത്തെ പറ്റിയും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പുല്ലുവിള ഫൊറോനാ മതബോധന കമ്മീഷൻ സെക്രട്ടറി ശ്രീ.ജോയ്, വചനബോധന ശുശ്രൂഷ അസോ. കൺവീനർ റവ. ഫാ. ഡാനിയേൽ എന്നിവരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.