ദൈവത്തിനു സ്തുതി!
ദൈവജനത്തിന് സമാധാനം!
വന്ദ്യവൈദികരെ, പ്രിയ മക്കളെ,
തിരുവനന്തപുരം അതിരൂപതയുടെ മെത്രാനായി ഞാൻ അഭിഷിക്തനായിട്ട് ഇന്ന് 32 വർഷം തികയുകയാണ്. ഇൗ നല്ല ദിവസത്തിൽ ആദ്യമായി എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത് നാമെല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ആശ്വാസകരമായ ഒരു വാർത്തയാണ്. ഇന്ന് തന്നെ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടും, ആശീർവാദത്തോടും കൂടി ഞാൻ അതിരൂപതാധ്യക്ഷൻ എന്ന പദവിയിൽ നിന്ന് വിരമിക്കുകയാണ്. മുഖസ്തുതി ഇഷ്ടപ്പെടാത്തവരാണല്ലോ ഞാനും നിങ്ങളും. അതുകൊണ്ട് വിടവാങ്ങൽ പ്രസംഗങ്ങളോ സമ്മേളനങ്ങളോ ഇനി ഉണ്ടാവില്ല. വളരെ ഹ്രസ്വമായി എനിക്ക് പറയാനുള്ളത് ഇതാണ്.
അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പിൽ പിതാവ് രോഗബാധിതനായതുകാരണം അജപാലന ശുശ്രൂഷ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത ഒരു അവസരത്തിലാണ് തിരുവനന്തപുരം രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ഞാൻ നിയമിതനാകുന്നത്. ഒരു മാസത്തിനുള്ളിൽ പരിശുദ്ധ സിംഹാസനം അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഭരണചുമതല എന്നെ ഏൽപ്പിച്ചു. ഒരുവർഷം കഴിഞ്ഞ് അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പിൽ പിതാവ് രാജി സമർപ്പിച്ചപ്പോൾ രൂപതയുടെ ഉത്തരവാദിത്വങ്ങൾ മുഴുവനായി എനിക്ക് ഏറ്റെടുക്കേണ്ടിവന്നു.
കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളിലായി ഒരു മെത്രാൻ എന്ന നിലയിൽ ഞാൻ നിർവ്വഹിച്ച് കൊണ്ടിരിക്കുന്ന ശുശ്രൂഷകൾക്ക് ഇന്ന് സമാപനം കുറിക്കുകയാണ്. തുടക്കത്തിലെ തന്നെ എന്നെ സ്നേഹിച്ചിരുന്ന പലരും എന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ട് എന്റെ കഴിവുകേടുകളെക്കുറിച്ച് മുന്നറിയിപ്പ് തരുന്നുണ്ടായിരുന്നു. ദീർഘനാളുകളായി പലരിൽ നിന്നും ഞാൻ കേട്ടുകൊണ്ടിരിക്കുന്നത് ഇൗ മുന്നറിയിപ്പുകൾ തന്നെയാണ്. ഒരു വിടവ് നികത്താൻ വേണ്ടി മാത്രം വന്ന ഞാൻ എങ്ങനെ ദീർഘമായ മുപ്പതിലേറെ വർഷങ്ങൾ ഇൗ സ്ഥാനത്തു തുടർന്നു എന്ന് ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു. എന്നും, എവിടെയും ഇടയൻ യേശു മാത്രമാണല്ലോ. ബലഹീനനായ എന്നിലും നല്ല ഇടയനായ യേശുവിനെ കാണാനും കേൾക്കാനും ബഹുമാനിക്കാനും ആദരിക്കാനും രൂപതാമക്കൾ കാണിച്ച മഹാമനസ്കതയും വിശ്വസാ രൂപിയും എന്നെ അത്ഭുതപ്പെടുത്തുന്നു.
തിരിഞ്ഞുനോക്കി എന്നെത്തന്നെ വിലയിരുത്തുമ്പോൾ എന്റെ ബലഹീനതകൾ കാരണം ഞാൻ ചെയ്യാൻ കടപ്പെട്ടതിന്റെ, ആഗ്രഹിച്ചതിന്റെ ഒരംശംപോലും നിറവേറ്റാൻ എനിക്ക് സാധിച്ചിട്ടില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. നിങ്ങളിൽ പലരുടേയും ശരിയായ വിലയിരുത്തലും ഇതുതന്നെയാണല്ലോ. പ്രതീക്ഷകൾക്കൊത്തു ഉയരാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന വസ്തുത എളിമയോട് കൂടി ഞാൻ അംഗീകരിക്കുന്നു.
എന്റെ വിലയിരുത്തലുകളോ നിങ്ങളുടെ വിലയിരുത്തലുകളോ അല്ല പ്രധാനം. എന്റെ കഴിവുകളും പരിമിതികളും എന്തൊക്കെയാണെന്ന് നല്ലവനായ ദൈവത്തിനറിയാം. നല്ല ദൈവത്തിന്റെ വിലയിരുത്തലുകൾക്കു ഞാൻ എന്നെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കുന്നു. വിശുദ്ധ ജോൺ വിയാനിയുടെ ഒരു അനുഭവം ഒാർമിച്ച് പോകുന്നു. ഒരു ദിവസം അദ്ദേഹത്തിന് രണ്ട് എഴുത്തുകൾ കിട്ടി. ഒന്ന് അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നതായിരുന്നു. മറ്റൊന്ന് അദ്ദേഹത്തെ പാതാളത്തോളം താഴ്ത്തുന്നതും. രണ്ടിനെയും ദൈവസന്നിധിയിൽ സമർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതിതാണ്: “ദൈവമേ രണ്ടിന്റെയും ഉള്ളടക്കം അവരവരുടെ ബോധ്യങ്ങൾ ആണ് പരസ്പരവിരുദ്ധമായ ബോധ്യങ്ങളെ അംഗീകരിക്കാനോ തിരസ്കരിക്കാനോ എന്നെക്കൊണ്ടാവില്ല. യാഥാർത്ഥ്യമറിയുന്നവൻ ദൈവമേ അങ്ങ് മാത്രമാണല്ലോ.”
തുറന്നു പറയട്ടെ! ആരെങ്കിലും എന്നെ പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ, കേൾക്കുന്നതൊക്കെ ശരിയല്ലെന്ന് എനിക്ക് തന്നെ അറിയാവുന്നതുകൊണ്ട് ഉള്ളിൽ വേദനയാണ് അനുഭവപ്പെടുന്നത്. സാധാരണ ഒരാൾ മരിക്കുമ്പോഴും, ഇതുപോലെ വിട പറയുമ്പോഴും ഇല്ലാത്തതുണ്ടാക്കി പർവ്വതീകരിച്ച് പറയുന്ന ഒരു പതിവുണ്ട്. നിങ്ങൾക്ക് അറിയാവുന്നതുപോലെ പരിമിതമായ കഴിവുകൾ മാത്രമുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. അസാധാരണമായ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. ഒരു മുട്ടുസൂചി വാങ്ങിക്കണം എങ്കിൽ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഞാൻ. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ദൈവാനുഗ്രഹത്തോടു കൂടിയ എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. അതുകൊണ്ട് ഞാൻ ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡകെട്ടുകളും പേറി, ശിഷ്ടകാലം ഒരു കൃത്രിമ ലോകത്ത് കഴിഞ്ഞുകൂടാൻ ഇടയാക്കരുതേ എന്ന ഒരു അപേക്ഷ നിങ്ങളേവരോടും ഉണ്ട്. ഞാൻ വെറും കയ്യോടെ വന്നു. വെറുംകയ്യോടെ പോകുന്നു. ദാനമായി ലഭിച്ചതെല്ലാം ദാനമായി കൊടുക്കുവാൻ ആണല്ലോ യേശുവും നമ്മോടാവശ്യപ്പെടുന്നത്. എന്റെ നേട്ടവും ഇതുതന്നെ ആയിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. അതുകൊണ്ട് ബലഹീനതയിൽ ദൃശ്യമാകുന്ന ദൈവത്തിന്റെ ശക്തി കാണാനും അവിടുത്തെ പദ്ധതി പൂർത്തിയാക്കാനും തുടർന്നും നമ്മെത്തന്നെ സമർപ്പിക്കാം.
കഴിഞ്ഞ 32 കൊല്ലം എന്നോട് സഹകരിക്കുകയും ത്യാഗപൂർവം സേവനം ചെയ്യാൻ മുന്നോട്ടുവരികയും, സഹിക്കാവുന്നതിലും അപ്പുറം ആകുമ്പോൾ വിമർശിക്കുകയും, സഭയുടെയും സമൂഹത്തിന്റെയും വിശുദ്ധീകരണത്തിനായി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്ത അതിരൂപതാംഗങ്ങളെ എനിക്ക് വിസ്മരിക്കാനാകില്ല. ഇന്ന് സമർപ്പിതരുടെ ദിനമാണ്. സാർവത്രിക സഭയോടൊപ്പം, സമർപ്പിതരെ, പ്രത്യേകിച്ച് വൈദികരെയും സന്യസ്തരെയും വിലമതിക്കുകയും അവരെ പ്രതി സന്തോഷിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്ന ഒരു ദിവസമാണ്. ദീർഘകാലമായി ഇവരിൽനിന്നൊക്കെ ലഭിച്ച സ്നേഹവും കരുതലും സഹായസഹകരണങ്ങളും വാക്കുകൾക്കതീതമാണ്. സ്വഭാവത്തിന്റെ പോരായ്മകൾ കൊണ്ടായിരിക്കാം നിങ്ങൾ ഒാരോരുത്തരോടുമുള്ള എന്റെ പ്രതിസ്നേഹവും നന്ദിയും ബാഹ്യമായി പ്രകടിപ്പിക്കുവാൻ എനിക്ക് സാധിക്കാതെ പോയിട്ടുണ്ടാവാം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ നിങ്ങളേവർക്കും യേശുവിന്റെ സ്ഥാനമാണ് ഞാൻ നൽകിയിരിക്കുന്നത്. അത് തുടരുകയും ചെയ്യും.
ഇങ്ങനെയുള്ള അവസരങ്ങളിൽ ആരുടേയും പേരെടുത്ത് പറയാറില്ല. എന്നാൽ ഒരാളെ മാത്രം പേരെടുത്ത് പറഞ്ഞ് നന്ദിയും സ്നേഹവും കടപ്പാടുകളും പ്രദർശിപ്പിക്കാതിരിക്കാൻ എനിക്ക് കഴിയുകയില്ല: അതായത് സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. തിരുവനന്തപുരം അതിരൂപതയുടെ അജപാലന ശുശ്രൂഷ എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ശാരീരികവും മാനസികവുമായ അവശതകളും, വ്യക്തിബന്ധങ്ങളിൽ ഉള്ള പോരായ്മകളും, സഭയിൽ തന്നെ അധികം ചുമതലകളും ഏറ്റെടുക്കേണ്ടി വന്നതിന്റെ ഫലമായുണ്ടായ സംഘർഷങ്ങളും, ഞാൻ കൂടെ കൂടെ മേലധികാരികളെ അറിയിക്കുന്നണ്ടായിരുന്നു. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആണ് ഞാൻ അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ ഇതിനെല്ലാം പരിഹാരമായി പരിശുദ്ധ സിംഹാസനം എനിക്ക് നൽകിയത് ഒരു സഹായമെത്രാനെയാണ്. വളരെയേറെ വിശ്വസ്തതയോടെ കൂടി, അർപ്പണ മനോഭാവത്തോടുകൂടി അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് തന്റെ കർത്തവ്യങ്ങൾ നിർവഹിച്ചു വരുന്നു. എല്ലാവരുമായി വ്യക്തിപരമായ ബന്ധങ്ങൾ സ്ഥാപിക്കാനും എവിടെയും ഒാടിയെത്താനും ആവശ്യങ്ങളറിഞ്ഞ് സ്നേഹപൂർവ്വം പ്രതികരിക്കാനും എല്ലാവരെയും സന്തോഷിപ്പിക്കാനും പ്രത്യേക കഴിവുകൾ ഉള്ള ഒരു വ്യക്തിയാണ് അദ്ദേഹം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാർപാപ്പയുടെ പ്രതിനിധി ഡൽഹിയിലെ അപ്പോസ്തോലിക നുൺസിയോ പുതിയ സംവിധാനങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ എന്നെ അറിയിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ചോദിച്ചു പോയതിതാണ്: “ക്രിസ്തുദാസ് പിതാവിന്റെ കാര്യം എങ്ങനെ ? സുവിശേഷത്തിൽ പത്രോസ് യോഹന്നാനെ ചൂണ്ടിക്കാട്ടി ഇതേ ചോദ്യം തന്നെ ചോദിക്കുന്നുണ്ട്. “കർത്താവെ, ഇവന്റെ കാര്യമെന്ത്?” “ഞാൻ വരുന്നതുവരെ ജീവിച്ചിരിക്കണം എന്നതാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്?”(യോഹ 21:21). ഇത് തന്നെയാണ് എനിക്ക് കിട്ടിയ ഉത്തരവും. ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. “ഠവശ െശ െിീില ീള ്യീൗൃ യൗശെില”ൈ അസ്ഥാനത്തും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങൾ ചോദിക്കുന്നതും ശരിയല്ലല്ലോ. ക്രിസ്തുദാസ് പിതാവിനു ദൈവം നിശ്ചയിച്ച സമയവും അവസരവും ഇനിയും ധാരാളമുണ്ട്. പത്രോസിനെ ദൗത്യം ഏൽപ്പിക്കുമ്പോഴും അതിനേക്കാൾ സുന്ദരമായ ഒരു പദ്ധതി യോഹന്നാനെ കുറിച്ചു യേശുവിന്റെ മനസ്സിലുണ്ടായിരുന്നു.
ഒരു മെത്രാനെ കണ്ടെത്തുന്നതിനെക്കാൾ പ്രയാസമേറിയതാണ് ഒരു മെത്രാപ്പോലീത്തയെ കണ്ടെത്തുന്നത്. പലപ്പോഴും മെത്രാ•ാരെ മെത്രാപ്പോലീത്തമാരായി അതിരൂപതകലളിലേക്ക് മാറ്റി നിയമിക്കുകയാണ് ചെയ്യുന്നത്. സന്ദർഭവശാൽ ഒരു കാര്യം സൂചിപ്പിക്കട്ടെ, എല്ലാം തികഞ്ഞ ഒരു മെത്രാനോ, മെത്രാപ്പോലീത്തയോ ഇതുവരെ ഒരിടത്തും ഉണ്ടായിട്ടില്ല. നിയമിതനാകുന്ന മെത്രാപ്പൊലീത്ത എത്രതന്നെ സുകൃത സമ്പന്നനും അനുഭവസമ്പത്തിന്റെ ഉടമയുമായിരുന്നാലും ദൈവാനുഗ്രഹവും സഹപ്രവർത്തകരുടെ സഹകരണവും അജഗണത്തിന്റെ വിധേയത്വവും കൂടാതെ അജപാലന ദൗത്യം നിർവഹിക്കുക ദുഷ്കരമായിരിക്കും. തിരുവനന്തപുരം അതിരൂപതയിൽ 163 രൂപതാവൈദികരും നൂറിലേറെ സന്യസ്ത വൈദികരും എഴുന്നൂറോളം സന്യാസിനികളും രണ്ടര ലക്ഷത്തോളം വിശ്വാസികളും ഉണ്ട്. എല്ലാവർക്കും അർഹിക്കുന്ന അംഗീകാരം നൽകാനും എല്ലാവരെയും തൃപ്തിപ്പെടുത്താനും രൂപത അധ്യക്ഷന് സാധിച്ചില്ലെന്നു വരാം. രൂപതാധ്യക്ഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഒാരോരുത്തരും തങ്ങളെ ഏല്പിച്ചിരിക്കുന്ന ചെറുതോ വലുതോ ആയ ഉത്തരവാദിത്വങ്ങൾക്ക് മുൻഗണന നൽകുകയാണെങ്കിൽ മാതൃകാപരമായ ഒരു സഭാ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാകും. സദുദ്ദേശത്തോടുകൂടിയ വിമർശനങ്ങൾ എപ്പോഴും സ്വാഗതാർഹമാണ്. അല്ലാതെ എല്ലാവരും എന്തിനും ഏതിനും ഇടയനെ മാത്രം വിമർശിക്കുന്ന സംവിധാനമാണെങ്കിൽ അജഗണം ചിതറിപോവുകയേയുള്ളൂ. “ഞാൻ ഇടയനെ അടിക്കും ആടുകൾ ചിതറിപ്പോകും” (മത്താ 26:31) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം അതിരൂപതയെ സംബന്ധിച്ച് അതിരൂപത അംഗങ്ങളായ നമുക്ക് ദൈവത്തിന് നന്ദി പറയാം. അതിരൂപതാധ്യക്ഷനെ അന്വേഷിച്ച് നമുക്ക് മറ്റെങ്ങും പോകേണ്ടി വരുന്നില്ല നമ്മുടെ അതിരൂപതയിലെ ഒരു വൈദികനെ തന്നെയാണ് നമ്മുടെ അതിരൂപതാധ്യക്ഷനായി പരിശുദ്ധ സിംഹാസനം കണ്ടെത്തിയിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു വൈദിക ശ്രേഷ്ഠനായിട്ടാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ഒരു വൈദീകനെ അതിരൂപത അധ്യക്ഷനായി നിയമിച്ച വാർത്ത എന്നെ അറിയിച്ചുകൊണ്ട് ഡൽഹിയിലെ അപ്പസ്തോലിക് നുൺഷ്യോ എനിക്കയച്ച എഴുത്തും പരിഭാഷയും ഞാൻ ചുവടെ ചേർക്കുന്നു:
Apostolic Nunciature in India, No. 1462/22/IN
Your Grace,
On the occasion of the publication of your resignation and the appointment of your successor, I wish to thank Your Lordship, on behalf of the Holy Father, for all the good you have accomplished throughout the 32 years of your Episcopal ministry, for the good of the souls entrusted to your care in the Latin Archdiocese of Trivandrum. I am sure that the Eternal Shepherd of our souls will give you the reward deserved by good and faithful shepherds.
I have the pleasure to inform you that the appointment of Rev.Fr. Thomas J. Netto, of the clergy of the Latin Archdiocese of Trivandrum, as the new Archbishop of the Latin Archdiocese of Trivandrum, will be made public in Rome on Wednesday, 2 February 2022, at noon local time, corresponding to 16:30 hours, Indian Standard Time.
Until then this news is to be maintained under the seal of the Pontifical Secret.
Your grace will remain as Apostolic Administrator of the Archdiocese until the canonical installation of the new Archbishop.
Let us entrust to the intercession of the Virgin Mary the Episcopal ministry of the new Archbishop.
With gratitude and assurance of prayers, I remain
Yours Sincerely in Christ,
Archbishop Leopoldo Girelli,
Apostolic Nuncio.
സ്വതന്ത്ര പരിഭാഷ
അഭിവന്ദ്യ പിതാവേ,
അങ്ങയുടെ വിരമിക്കലും പിൻഗാമിയുടെ നിയമനവും പ്രസിദ്ധപ്പെടുത്തുന്ന ഇൗ സാഹചര്യത്തിൽ കഴിഞ്ഞ 32 വർഷങ്ങളായി അങ്ങയെ ഭരമേല്പിച്ചിരുന്ന തിരുവന്തപുരം രൂപതാംഗങ്ങളുടെ വിശുദ്ധീകരണത്തിനും പുരോഗതിക്കുമായി അങ്ങ് ചെയ്ത എല്ലാ ന•കൾക്കും പരിശുദ്ധ പിതാവിന്റെ പേരിൽ നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ലവർക്കും വിശ്വസ്തരായ ഇടയ•ാർക്കുമുള്ള സമ്മാനം നാം ഏവരുടെയും നിത്യ ഇടയൻ അങ്ങേക്ക് നൽകും എന്ന് എനിക്ക് ഉറപ്പുണ്ട്.
തിരുവനന്തപുരം അതിരൂപതയിലെ വൈദീകരിലൊരാളായ ബഹുമാനപ്പെട്ട തോമസ് നെറ്റോ അച്ചനെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചിരിക്കുന്നു എന്ന വാർത്ത അറിയിക്കുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്.
2022 ്രെബഫുവരി 2 ന് റോമിൽ വിളംബരം ചെയ്യുന്ന അതേസമയം വൈകുന്നേരം 4:30 ന് പ്രാദേശിക സഭയിലും ഇത് വിളംബരം ചെയ്യേണ്ടതാണ്.
ആ സമയം വരെ ഇൗ വിവരം പൊന്തിഫിക്കൽ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
പുതിയ മെത്രാപ്പോലീത്ത ഒൗദ്യോദികമായി സ്ഥാനമേറ്റെടുക്കുന്നത് വരെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി അങ്ങ് തന്നെ അതിരൂപതാ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.
പുതിയ മെത്രാന്റെ അജപാലന ശുശ്രൂഷയെ പരിശുദ്ധ കന്യക മറിയത്തിന്റെ മാദ്ധ്യസ്ഥത്തിന് നമുക്ക് സമർപ്പിക്കാം.
നന്ദിയോടും പ്രാർത്ഥനാശംസകളോടും കൂടെ.
ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലി
അപ്പസ്തോലിക് നുൺഷ്യോ.
തുടർന്നും അതിരൂപതയെ മുന്നോട്ടു നയിക്കാൻ ഇന്ന് നമുക്ക് പുതിയൊരു അജപാലകനെ ലഭിച്ചിരിക്കുന്നു. സങ്കീർത്തകൻ പറയുന്നതുപോലെ “കർത്താവ് നൽകിയ ദിവസമാണിന്നു നമുക്ക് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യാം” (സങ്കീ 118:24).
നമുക്കെല്ലാം സുപരിചിതനും നാമെല്ലാം വളരെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്. ജീവിതത്തിൽ അദ്ദേഹം കടന്നുപോയ വഴികളെയോ, അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളെയോ എടുത്ത് കാണിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ദീർഘകാലമായി തിരുവനന്തപുരം അതിരൂപതയുടെ എല്ലാ തലങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിയാണ് അഭിവന്ദ്യ തോമസ് നെറ്റോ പിതാവ്. അഭിവന്ദ്യ പിതാവിന് അതിരൂപതയിലെ എല്ലാ മക്കളുടെയും പേരിൽ എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു. ദൈവകരങ്ങളിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിൽ അഭിവന്ദ്യ തോമസ് നെറ്റോ പിതാവ് ദീർഘകാലം സഭയിലും സമൂഹത്തിലും തിളങ്ങി നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അവസാനമായി എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത് ഇതാണ്: പുതിയ മെത്രാപ്പൊലീത്തയുടെ നിയമന വാർത്ത പ്രസിദ്ധീകരിച്ചതിനുശേഷം, ഏറെക്കുറെ ഒരുമാസത്തിനകം മെത്രാഭിഷേകം നടത്തി, ഉത്തരവാദിത്വങ്ങൾ കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതുവരെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പുതിയ മെത്രാപ്പോലീത്തയെ സഹായിക്കുവാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്നുമുതൽ തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് നെറ്റോ പിതാവാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേരാണ് സ്തോത്രയാഗ പ്രാർത്ഥനയിൽ ഉൾക്കൊള്ളിച്ചു പ്രാർത്ഥിക്കേണ്ടത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയ എന്റെ പേര് ഉൾക്കൊള്ളിക്കണമെന്നില്ല. സഹായമെത്രാനു വേണ്ടി തുടർന്നും പ്രാർത്ഥിക്കണം.
നിറഞ്ഞ സ്നേഹത്തോടും, നന്ദിയോടും, പ്രാർത്ഥനാശംസകളോടും കൂടി ഞാൻ ഇൗ കത്ത് ഉപസംഹരിക്കുന്നു. ദൈവം നിങ്ങൾ ഒാരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ.
†സൂസാപാക്യം
അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ
ചആ: ഇൗ ഇടയലേഖനം 2022 ്രെബഫുവരി മാസം 6ാം തീയതി ഞായറാഴ്ച ദിവ്യബലിമധ്യേ വായിച്ചു വിശദീകരിക്കേണ്ടതാണ്.