തിരുവനന്തപുരം: കടൽത്തീര സംരക്ഷണത്തിനായുള്ള യുവജന ഇടപെടലിന്റെ ശക്തമായ മാതൃകയായി, മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്, മരിയൻ എഡ്യൂ-സിറ്റി, കഴക്കൂട്ടം, തിരുവനന്തപുരം, ISOLA (Indian Society of Landscape Architects) കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘എം-യുവ (M-YUVA) ക്ലീൻ ബീച്ച് ഡ്രൈവ്’ ശനിയാഴ്ച ശംഖുമുഖം കടൽത്തീരത്ത് വിജയകരമായി നടന്നു.
പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയ പരിപാടിയിൽ 200ഓളം വിദ്യാർത്ഥികളും പൊതുജനങ്ങളും സജീവമായി പങ്കെടുത്തു. കടൽത്തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം, ശേഖരിച്ച മാലിന്യവസ്തുക്കൾ ഉപയോഗിച്ച് ബോധവത്കരണ കലാരൂപം സ്ഥാപിക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം മരിയൻ എഡ്യൂ-സിറ്റി (MCAP) മാനേജർ റവ. ഡോ. എ. ആർ. ജോൺ നിർവഹിച്ചു. കടൽത്തീരങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ സംയുക്ത നൈതിക ഉത്തരവാദിത്വമാണെന്നും, അറിവിൽ നിന്ന് പ്രവർത്തിയിലേക്കുള്ള യുവതലമുറയുടെ മാറ്റത്തിലൂടെയാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബർസാർ ഫാ. അബിൻ സ്റ്റാൻലി സ്വാഗതം ആശംസിച്ചു. പ്രശസ്ത കലാകാരൻ ഷാനോജ് പി. സി. നേതൃത്വം നൽകിയ കലാസൃഷ്ടി, കടൽത്തീരങ്ങളിൽ മനുഷ്യർ അവശേഷിപ്പിക്കുന്ന മാലിന്യങ്ങളുടെ ഭവിഷത്ത് എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞതായി പങ്കെടുത്തവർ പറഞ്ഞു. പരിപാടിയെതുടർന്ന് വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
ദുർബലമായ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ ലാൻഡ്‌സ്കേപ്പ് ആർക്കിടെക്റ്റുകൾക്ക് നിർണായക പങ്കുണ്ടെന്ന് ISOLA കേരള ചാപ്റ്ററിന്റെ ചെയർപേഴ്‌സൺ പ്രൊഫ. ഗംഗാ കൃഷ്ണൻ ഊന്നിപ്പറഞ്ഞു.
ഇതേ ദിവസം ഉച്ചയ്ക്ക് മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ, സിംഗപ്പൂരിലെ പ്രമുഖ ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് രാജലക്ഷ്മി അയ്യർ പങ്കെടുത്തു. പ്രകൃതിയോടൊപ്പം ജീവിക്കുന്ന നഗരവികസനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി. പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. സുജ കർത്ത, പ്രോഗ്രാം ഹെഡ് ആർകിടെക്റ്റ് ഷെയ്ഖ് യാസീൻ, ISOLA കേരള ചാപ്റ്റർ സെക്രട്ടറി മനോജ് മോഹനൻ എന്നിവരും സന്നിഹിതരായിരുന്നു.

