തിരുവനന്തപുരം: മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ 2026 ജനുവരി 25-ന് സംഘടിപ്പിച്ച ഗ്ലോബൽ അലൂമ്നി മീറ്റ് വിവിധ പരിപാടികളോടെ വർണാഭമായി നടന്നു. രാവിലെ അലുമിനി ടീമുകളുടെ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 2006–2010 സിവിൽ എഞ്ചിനീയറിംഗ് അലൂമ്നി ബാച്ചിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്ഥാപനത്തോടുള്ള ശാശ്വതബന്ധത്തിന്റെയും പ്രതീകമായി ഈ ചടങ്ങ് ശ്രദ്ധേയമായി.
ഔദ്യോഗിക പരിപാടി ഹൈബ്രിഡ് മോഡിലാണ് സംഘടിപ്പിച്ചത്. കോളേജിലെ വേദിയോടൊപ്പം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും പരിപാടി സംപ്രേഷണം ചെയ്തു. രാജ്യത്തിനകത്തും വിദേശത്തുമുള്ള അലൂമ്നികൾക്ക് പരിപാടിയിൽ സജീവമായി പങ്കെടുത്തു. മാനേജർ റവ. ഫാ. എ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ എം, ഡീൻ ഡോ. സാംസൺ എ, ബർസാർ റവ. ഫാ. ജിം കാർവിൻ റോച്ച് എന്നിവർ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. കൂടാതെ, 300-ലധികം പൂർവ്വ വിദ്യാർത്ഥികളും അതോടൊപ്പം നിരവധിപേർ ഓൺലൈനിലൂടെയും പരിപാടിയിൽ സന്നിഹിതരായിരുന്നു.
“ആൽമാ മാതറിലെ അലൂമ്നികളുടെ പങ്ക്” എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ചയും സംഘടിപ്പിച്ചു. അലുമിനിയം വൈസ് പ്രസിഡന്റ് ശ്രീ. അബിന്‍ എൻ. എ. ചർച്ച നിയന്ത്രിച്ചു. ശ്രീ. സാബിൻ ബിജു സീമ, ശ്രീ. ഹരീഷ് ഫിൽഡസ് ഫെർണാണ്ടസ്, ശ്രീമതി ഹെൽഗ ഫ്രാൻസിസ്, ശ്രീ. അജിൻ തോമസ്, ഡോ. സാംസൺ എ. എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. മെന്റോർഷിപ്പ്, കരിയർ മാർഗനിർദ്ദേശം, ഇന്റേൺഷിപ്പ്, ഇൻഡസ്ട്രി–അക്കാദമിയ സഹകരണം എന്നിവയെക്കുറിച്ച് പാനലിസ്റ്റുകൾ വിലപ്പെട്ട അഭിപ്രായങ്ങൾ പങ്കുവെച്ചു.
തുടർന്ന് സാംസ്കാരിക പരിപാടികളും വിനോദ പ്രവർത്തനങ്ങളും അരങ്ങേറി. സംഗീതം, നൃത്തം എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ സംഗമത്തിന് കൂടുതൽ ആവേശവും നിറവുമേകി.സൗഹൃദത്തിന്റെയും ഓർമ്മകളുടെയും ഉത്സവമായി മാറിയ മരിയൻ ഗ്ലോബൽ അലൂമ്നി മീറ്റ് സ്നേഹവിരുന്നോടെ സമാപിച്ചു.

