കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യൂറോപ്യൻ ചാപ്റ്റർ, യു.എസ്–കാനഡ ചാപ്റ്റർ, മിഡിൽ ഈസ്റ്റ് ചാപ്റ്റർ എന്നീ മൂന്ന് മരിയൻ അലുമ്നി ഗ്ലോബൽ ചാപ്റ്ററുകളുടെ ഉദ്ഘാടനം 2026 ജനുവരി 9, 10 തീയതികളിൽ ഓൺലൈൻ സെഷനുകളിലൂടെ വിജയകരമായി നടന്നു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ഈ ഉദ്ഘാടന ചടങ്ങുകളിൽ മാനേജർ റവ. ഡോ. എ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ എം, ഡീൻ ഡോ. സാംസൺ എ, ഫാ. ജിം കാർവിൻ, ഫാ. അബിൻ സ്റ്റാൻലി എന്നിവർ, വിവിധ വകുപ്പുമേധാവികൾ, അധ്യാപകസമൂഹം, അലുമ്നി എക്സിക്യൂട്ടീവ് അംഗങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അലുമ്നികൾ എന്നിവർ പങ്കെടുത്തു.
യൂറോപ്യൻ ചാപ്റ്ററിന്റെ ഉദ്ഘാടനം 2026 ജനുവരി 9-ന് രാത്രി 8.30ന് (IST) നടന്നു. തുടർന്ന് 2026 ജനുവരി 10-ന് രാവിലെ 8.00ന് (IST) യു.എസ്–കാനഡ ചാപ്റ്ററും, അതേ ദിവസം രാവിലെ 11.00ന് (IST) മിഡിൽ ഈസ്റ്റ് ചാപ്റ്ററും ഉദ്ഘാടനം ചെയ്തു. അലുമ്നികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിലുടനീളം മെന്റർഷിപ്പിനും വിജ്ഞാനo പങ്കിടലിനും ഗവേഷണം, പ്ലേസ്മെന്റ്, വ്യവസായ സഹകരണം എന്നിവക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിനായാണ് ഈ ആഗോള ചാപ്റ്ററുകൾ രൂപീകരിച്ചിരിക്കുന്നത്.
യു.എസ്–കാനഡ ചാപ്റ്ററിന്റെ കോഓർഡിനേറ്ററായി (2004–2008 IT) ബാച്ചിലെ ശ്രീ. അജിൻ തോമസിനെയും, യൂറോപ്യൻ ചാപ്റ്ററിന്റെ കോഓർഡിനേറ്ററായി (2012–2016 CSE) ബാച്ചിലെ ശ്രീ. രോഹിത് എസ്-നെയും, മിഡിൽ ഈസ്റ്റ് ചാപ്റ്ററിന്റെ കോഓർഡിനേറ്ററായി (2014–2018 EEE) ബാച്ചിലെ ശ്രീ. മുഹമ്മദ് അസ്ഹറിനെയും പ്രഖ്യാപിച്ചു. ഓരോ ചാപ്റ്ററിന്റെയും ഉദ്ഘാടനം, സ്ഥാപനത്തോടുള്ള ബന്ധം നിലനിർത്തുന്നതിനും അക്കാദമിക്–വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും, ലോകമെമ്പാടുമുള്ള മരിയൻ അലുമ്നി സമൂഹത്തിന്റെ വളർച്ചയ്ക്ക് സജീവമായി സംഭാവന ചെയ്യുന്നതിനുള്ള സമർപ്പിത വേദിയുടെ രൂപീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.

