തിരുവനന്തപുരം: ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സംസ്ഥാന സമ്പൂർണ്ണ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തിരുവനന്തപുരം അതിരൂപത വികാരി ജനറൽ യൂജിൻ പെരേര നിർവ്വഹിച്ചു.
കേരള ലത്തീൻ കത്തോലിക്കാ സഭാ ദിനാചരണത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ സമ്മേളനം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്ക ദേവാലയങ്ങളിലും സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ സമാപനമായാണ് കെഎൽസിഎയുടെ നേതൃത്വത്തിൽ ഡിസംബർ 15ന് തിരുവനന്തപുരത്ത് സമ്പൂർണ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സമുദായംഗങ്ങൾ സംബന്ധിക്കും.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ശുപാർശകൾ നടപ്പിലാക്കുക, വിഴിഞ്ഞം സമരത്തിലെ കേസുകൾ പിൻവലിക്കുക, മുതലപ്പൊഴി ഹാർബർ ശാസ്ത്രീയ പരിഹാരം ഉണ്ടാക്കുക, മുനമ്പം ഭൂമി പ്രശ്നത്തിൽ ഭൂ ഉടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുക, കടൽ ഭിത്തി നിർമ്മാണം നടത്തി തീരം സംരക്ഷിക്കുക, സമുദായ സർട്ടിഫിക്കറ്റ് വിഷയം പരിഹരിക്കുക, ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം പരിഹരിക്കുക എന്നിങ്ങനെ സമുദായം നേരിടുന്ന നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡിസംബർ 15 ലെ സമ്മേളനം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ് ചെയർമാനും ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.